ബുധാപെസ്റ്റ്:ബൊഹീമിയന്‍ ആര്‍മിയുടെ മാര്‍ച്ച് പാസ്റ്റില്‍ ഓറഞ്ച് പട മുട്ടുമടക്കി. ചെക്ക് റിപ്പബ്ലിക്കിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ഹോളണ്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പുഷ്‌കാസ് അരീനയിലെ പ്രീ ക്വാര്‍ട്ടറിനെത്തിയ നെതര്‍ലന്‍ഡ്‌സിനെ കാത്തിരുന്നത് കരുത്തരായ ചെക്കിന്‍റെ പടയാളികളായിരുന്നു.
രണ്ടാം പകുതിയില്‍ തോമസ് ഹോള്‍സ് ഹെഡറിലൂടെ ചെക്കിന് ലീഡ് സമ്മാനിച്ചു. ഫ്രീ കിക്കിനെ തുടര്‍ന്ന് കലാസ് നല്‍കിയ അസിസ്റ്റാണ് ഹോള്‍സ് വലയിലെത്തിച്ചത്. തലപ്പാകത്തില്‍ ലഭിച്ച അസിസ്റ്റ് ഡച്ച് പ്രതിരോധത്തിന് അര്‍ദ്ധാവസരം പോലും നല്‍കാതെ ഹോള്‍സ് വലയിലെത്തിച്ചു. യൂറോ കപ്പിലെ സെന്‍സേഷനായി മാറിയ പാട്രിക് ഷിക്കിന്‍റേതായിരുന്നു അടുത്ത ഊഴം. ഹോള്‍സിന്‍റെ അസിസ്റ്റിലൂടെയാണ് ഷിക്ക് പന്ത് വലയിലെത്തിച്ചത്. യൂറോയില്‍ ഷിക്കിന്‍റെ അക്കൗണ്ടിലെ നാലാമത്തെ ഗോളാണിത്. ഹോളണ്ടിന്‍റെ ഡിലെറ്റ് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതിന് പിന്നാലെയായിരുന്നു ഇരു ഗോളുകളും. ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ തോമസ് ഹോള്‍സ് കളിയിലെ താരമായി.