കോപ്പന്‍ഹേഗന്‍: കെവിന്‍ ഡിബ്രുയിന്‍റെ ഗോളില്‍ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി ബെല്‍ജിയം. ഫിഫയുടെ ലോക ഒന്നാം നമ്പര്‍ ടീം എതിരാളികളുടെ ഗോള്‍ മുഖത്ത് നടത്തിയ തകര്‍പ്പന്‍ നീക്കങ്ങള്‍ക്കൊടുവിലാണ് ഡിബ്രുയിന്‍ പന്ത് വലയിലെത്തിച്ചത്. ഗോള്‍ പോസ്‌റ്റിന്‍റെ ഇടത് മൂലയിലാണ് പകരക്കാരനായി ഇറങ്ങിയ ഡിബ്രുയിന്‍റെ ഷോട്ട് ചെന്നുപതിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി 11-ാം മിനിട്ടില്‍ തന്നെ ഡിബ്രുയിന്‍ വിജയ ഗോള്‍ കണ്ടെത്തി. ഏഴാം നമ്പര്‍ താരത്തെ പകരക്കാരനായി ഇറക്കാനുള്ള പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്‍റെ നീക്കമാണ് ബെല്‍ജിയത്തിന്‍റെ ജയം ഉറപ്പാക്കിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്‍റെ ജയം. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയതോടെയാണ് ബെല്‍ജിയം നോക്ക് ഔട്ട് റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കിയത്. കിക്കോഫായി രണ്ടാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ യൂസുഫ് പോള്‍സണിലൂടെ ഡെന്‍മാര്‍ക്ക് ലീഡ് സ്വന്തമാക്കിയെങ്കിലും മുന്‍തൂക്കം നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. രണ്ടാം പകുതിയില്‍ തോര്‍ഗന്‍ ഹസാര്‍ഡിലൂടെ ബെല്‍ജിയം സമനില പിടിച്ചു. ബെല്‍ജിയം ഉള്‍പ്പെടെ മൂന്ന് ടീമുകള്‍ ഇതിനകം നോക്കൗട്ട് യോഗ്യത നേടി. ഇറ്റലിയും നെതര്‍ലന്‍ഡുമാണ് മറ്റ് രണ്ട് ടീമുകള്‍.