സെവിയ്യ : ഗ്രൂപ്പ് ഇ യിലെ അവസാന സ്ഥാനക്കാരുടെ നിലനിൽപ്പിന്റെ പോരട്ടം സമനിലയിൽ അവസാനിച്ചു. സെവിയ്യയിൽ നടന്ന മത്സരത്തിൽ സ്പെയിനും പോളണ്ടും ഒരോ ഗോൾ വീതം നേടി. 25-ാം മിനിട്ടില്‍ സ്പെയിൻ അൽവാരോ മൊറാറ്റയിലുടെ ലീഡ് എടുത്തു.
പക്ഷേ മത്സരത്തിന്റെ രണ്ടാം പകുതിയിൽ റോബർട്ട് ലെവാൻഡോവ്സ്കി പോളണ്ടിനെ ഒപ്പമെത്തിച്ചു. പിന്നാലെ സ്പെയിന് പെനാല്‍ട്ടി നഷ്ടപ്പെടുത്തി. ജെറാർഡ് മൊറീനോ നഷ്ട്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സ്പാനിഷ് പട നൽകേണ്ടിവന്നത് വലിയ വിലയാണ്.
ഇതു പോലെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാൻ സ്പെയിന് ആയില്ല. അതിനാല്‍ തന്നെ മുൻ ചാമ്പ്യന്മാരുടെ പ്രീക്വാർട്ടർ സാധ്യതകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
പ്രതീക്ഷ നൽകി സ്പെയിൻ
കിക്കോഫ് ആയി 6-ാം മിനിട്ടില്‍ പോളണ്ട് സ്പെയിനെ ഒന്നു പേടിപ്പിച്ചു. മാത്യൂസ് ക്ലിച്ചിന് ബോക്സിന്റെ 20 യാർഡ് അകലെ നിന്ന് തുറന്ന അവസരം ലഭിച്ചതായിരുന്നു. പക്ഷേ പന്ത് ഗോൾ പോസ്റ്റിന് മുകളിലൂടെ പോയി. നാല് മിനിറ്റുകൾക്കപ്പുറം സ്പെയിനിനും ഇതുപോലൊരു അവസരം ലഭിച്ചു.
ഡാനി ഓൾമോയുടെ ഷോട്ട് പോളണ്ട് ഗോളി വോയ്ച്ച് ചക്ഷസ്നി സേവ് ചെയ്തു. 25-ാം മിനിട്ടിലാണ് സ്പെയിൻ ലീഡ് എടുക്കുന്നത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ഗോളനുവദിച്ചത്. അൽവാരോ മൊറാറ്റയായിരുന്നു സ്പെയിനിന്റെ ഗോൾ സ്കോറർ.
ജെറാർഡ് മൊറീനോയുടെ അസിസ്റ്റിലൂടെയാണ് ഗോൾ പിറന്നത്. മൊറീനോ പോളിഷ് പ്രതിരോധ നിരയ്ക്കിടയിലൂടെയാണ് മൊറാറ്റക്ക് പന്ത് കൈമാറിയത്. കാലിൽ കിട്ടിയ പന്തിനെ കൃത്യമായി വലയിലെത്തിക്കാൻ അദ്ദേഹത്തിനായി. സ്പെയിനിന്റെ ആദ്യ ഗോൾ വീണതോടെ പോളണ്ട് കളി കാര്യമായി തന്നെ എടുത്തു.
പ്രതിരോധിച്ചും അക്രമിച്ചും കളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 43-ാം മിനിറ്റിൽ പോളണ്ടിനെ ഒപ്പമെത്തിക്കുമെന്നുറച്ച ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. കരോൾ സ്വീഡെർസ്കിയുടെ ശ്രമം റീബൗണ്ടായി ലെവാൻഡോവ്സ്കിക്ക് ലഭിച്ചുവെങ്കിലും ഉനായ് സിമോൺ തടഞ്ഞുനിർത്തി.