അപരാജിതക്കുതിപ്പ് തുടരുന്ന ഇറ്റലി, ലോക ഒന്നാം നമ്പറായ ബെല്‍ജിയം, ഗോളടിച്ച് വല നിറച്ച സ്‌പെയിന്‍, ബെര്‍ലിന്‍ മതില്‍ പൊളിച്ച ഇംഗ്ലണ്ട്, ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ്, തളരാതെ പോരാടുന്ന യുക്രെയിനും ഡെന്‍മാര്‍ക്കും.
ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യൂറോ ഒരുങ്ങി. കരുത്തര്‍ പലരും മുട്ടുമടക്കിയപ്പോള്‍ അപ്രതീക്ഷിതമായി ചിലര്‍ പ്രതീക്ഷകള്‍ സജീവമാക്കി. പ്രവചനങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങാവുന്നതാണ് യൂറോയിലെ ക്വാര്‍ട്ടര്‍ ലൈനപ്പ്.
സ്‌പാനിഷ് കരുത്ത്
ഇത്തവണ കപ്പടിക്കാന്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് മൂന്ന് ടീമുകള്‍ക്കാണ്. സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി. ഫേവറേറ്റുകള്‍ അല്ലാതിരുന്ന സ്‌പെയിന്‍ ആദ്യം ഒന്നു പതറിയെങ്കിലും അവസാന മത്സരങ്ങളില്‍ ഗോളടിച്ച് വല നിറച്ചാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ മാത്രമായിരുന്നു സമ്പാദ്യം.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അഞ്ച് ഗോളടിച്ച സ്‌പെയിൻ ഈ ടൂർണമെന്‍റിലെ ഫേവറിറ്റുകളായി കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പ് നാല് തവണ സ്വന്തമാക്കുന്ന നേട്ടമാണ് ഇത്തവണ സ്‌പാനിഷ് ടീമിനെ കാത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ സ്പെയിനിന്‍റെ എതിരാളികള്‍.
ഐതിഹാസികം ഈ മുന്നേറ്റം
യൂറോയില്‍ പരാജയമറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് അസൂറിപ്പട. 31 മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയമറിയാതെ മുന്നോട്ട് പോവുകയാണ് റോബര്‍ട്ടോ മാന്‍സിനിയുടെ ശിഷ്യന്‍മാര്‍. നാല് പതിറ്റാണ്ടിന് ശേഷം യൂറോയില്‍ കിരീടമുയര്‍ത്താനുള്ള അവസരമാണ് അസൂറിപ്പടക്ക് വന്നിരിക്കുന്നത്.
1968ല്‍ കപ്പുയര്‍ത്തിയ ശേഷം 2000ത്തിലും 2012ലും കലാശപ്പോരിന് യോഗ്യത നേടിയെങ്കിലും കപ്പ് നഷ്‌ടമായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തവണ പോലും പരാജയമറിയാത്ത ഇറ്റലി എക്‌സ്ട്രാ ടൈം ത്രില്ലറിലൂടെയാണ് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. പ്രീ ക്വാര്‍ട്ടറിലെ അധിക സമയത്ത് ഓസ്‌ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വീഴ്‌ത്തിയത്.
ALSO READ:യൂറോ കപ്പ്: ചരിത്രം തീര്‍ക്കാനും, ആവര്‍ത്തിക്കാനും എട്ട് സംഘങ്ങള്‍, ക്വാർട്ടറിന് നാളെ തുടക്കം
ടീം വര്‍ക്കിലൂടെയാണ് വമ്പന്‍ ജയങ്ങള്‍ ഓരോന്നും അവര്‍ കണ്ടെത്തുന്നത്. ക്വാർട്ടറില്‍ എതിരാളികൾ ബെല്‍ജിയം. അതിനാല്‍ ഈ യൂറോയിലെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നാകും ഇറ്റലി -ബെല്‍ജിയം പോരാട്ടം.
ഒന്നാം നമ്പര്‍ കുതിപ്പ്
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പറായ ബെല്‍ജിയമാണ് അസൂറിപ്പടയുടെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാക്കുവിനൊപ്പം ഈഡന്‍ ഹസാര്‍ഡ് ഫോമിലേക്ക് ഉയരാത്തത് ബെല്‍ജിയന്‍ നിരയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഹസാര്‍ഡ് സഹോദരന്‍മാരില്‍ വലിയ പ്രതീക്ഷയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന റെഡ് ഡെവിള്‍സ് ബാക്കിവെക്കുന്നത്. ആദ്യമായി ലോകത്തെ പ്രമുഖ ഫുട്‌ബോൾ കിരീടം സ്വന്തമാക്കാനുള്ള സുവർണ അവസരമാണ് ബെല്‍ജിയത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. 1980ല്‍ യൂറോയുടെ ഫൈനലില്‍ എത്തിയതാണ് റെഡ് ഡെവിള്‍സിന്‍റെ ഏറ്റവും മികച്ച നേട്ടം.
ഇംഗ്ലണ്ടിന് കിരീടം വേണം
സ്വന്തം മണ്ണില്‍ നടക്കുന്ന പോരാട്ടത്തില്‍ ജയിച്ച് യൂറോ കപ്പ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരാണ് ഇംഗ്ലണ്ടിന് ഇത്തവണ കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലിയിലാണ് ഇത്തവണ യൂറോയുടെ ഫൈനല്‍ പോരാട്ടം.
ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തം മണ്ണില്‍ യൂറോ കപ്പ് ഉയര്‍ത്താനുള്ള അവസരം ലഭിച്ചിട്ടുള്ളൂ. 1964ല്‍ സ്‌പെയിനും 1968ല്‍ ഇറ്റലിയും 1984ല്‍ സ്‌പെയിനും. ഇത്തവണ വെംബ്ലിയില്‍ ഫൈനല്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ട് കളത്തിലാണോ കാഴ്‌ചക്കാരുടെ റോളിലാണോ എന്നാണ് ഇനി അറിയാനുള്ളത്.