മ്യൂണിച്ച്: യൂറോ കപ്പില്‍ ബുധനാഴ്ച നടക്കുന്ന ഗ്രൂപ്പ് എഫിലെ ഹംഗറിയുടെ അവസാന മത്സരത്തിനിടെ അലിയൻസ് അറീനയില്‍ മഴവില്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മ്യൂണിച്ചിലെ സിറ്റി കൗൺസിലിന്‍റെ അപേക്ഷ യുവേഫ നിരസിച്ചു. രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനാണ് അപേക്ഷ നിരസിച്ചതെന്ന് യുവേഫ പ്രസ്താവനയില്‍ അറിയിച്ചു.
"വംശീയത, ഹോമോഫോബിയ, ലിംഗ വിവേചനം തുടങ്ങിയവ സമൂഹത്തെ ബാധിച്ച കറയാണെന്നും ഇന്ന് ഫുട്ബോള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നുമാണെന്നും" യുവേഫ പ്രസ്താവനയില്‍ പറഞ്ഞു. സ്വവര്‍ഗ രതി, ലിംഗ മാറ്റം എന്നിവയെ സ്കൂളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹംഗറി പാര്‍ലമെന്‍റ് നിയമം പാസാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് യുവേഫയ്ക്ക് സിറ്റി കൗൺസില്‍ അപേക്ഷ നല്‍കിയിരുന്നത്.