ലണ്ടന്‍: വിംബ്ലിയില്‍ റഹീം സ്റ്റര്‍ലിങ് വീണ്ടും രക്ഷകനായപ്പോള്‍ ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ പതിനാറാം റൗണ്ടിലേക്ക്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരം കിക്കോഫായി 12-ാം മിനിട്ടിലായിരുന്നു സ്റ്റര്‍ലിങ്ങിന്‍റെ ഗോള്‍. ബാക്ക് പോസ്റ്റില്‍ നിന്നും മിഡ്‌ഫീല്‍ഡര്‍ ഗ്രീലിഷ് നീട്ടി നില്‍കിയ അസിസ്റ്റ് ഹെഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ ഗ്രൂപ്പ് സ്റ്റേജിലെ നിര്‍ണായക പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം ആതിഥേയര്‍ സ്വന്തമാക്കി. പന്തടക്കത്തിന്‍റെ കാര്യത്തിലും പാസ് ആക്വറസിയുടെ കാര്യത്തിലും മുന്നില്‍ നിന്ന ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം.
യൂറോയിലെ ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി സ്റ്റര്‍ലിങ്ങ് മാത്രമെ ഗോള്‍ നേടിയിട്ടുള്ളൂ. നേരത്തെ ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് സ്റ്റര്‍ലിങ്ങ് ഗോളടിച്ചത്. രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്‍റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ഒരു ഗോള്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട് ആദ്യമായി യൂറോയുടെ 16-ാം റൗണ്ടിലേക്ക് പ്രവേശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.