സെവിയ്യ:കാല്‍പന്തിന്‍റെ ലോകത്തെ വമ്പന്‍ പോരാട്ടത്തിന് മണിക്കൂറുകള്‍. യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള ബെല്‍ജിയത്തെ നേരിടും. പുലര്‍ച്ചെ 12.30ന് സെവിയ്യയില്‍ പന്തുരുളുമ്പോള്‍ ലോക ഫുട്‌ബോളില്‍ പുതു ചരിത്രം തന്നെ പിറന്നേക്കും.
റോണോയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്
രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. ഒരു തവണ കൂടി വല കുലുക്കിയാല്‍ പറങ്കിപ്പടയുടെ പടനായകന് ഈ നേട്ടം സ്വന്തമാക്കാം. 109 ഗോളുമായി ഇറാന്‍റെ അലി ദേക്ക് ഒപ്പമാണ് ക്രിസ്റ്റ്യാനോയുടെ സ്ഥാനം.
149 മത്സരങ്ങളില്‍ നിന്നാണ് അലി ദേയി 109 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയതെങ്കില്‍ റോണോക്ക് ആ നേട്ടം കൈവരിക്കാന്‍ 176 മത്സരങ്ങള്‍ വേണ്ടി വന്നു. 1993-2006 വര്‍ഷത്തിലാണ് അലി ദേയി ഇറാന്‍ വേണ്ടി ഗോളുകള്‍ അടിച്ച് കൂട്ടിയത്. യൂറോ കപ്പ് സീസണില്‍ ഇതിനകം അഞ്ച് തവണ വല കുലുക്കിയ റോണോ ടൂര്‍ണമെന്‍റിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററെന്ന നേട്ടം സ്വന്തമാക്കി. അഞ്ച് യൂറോ കപ്പ് കളിക്കുന്ന ആദ്യം താരമെന്ന നേട്ടവും റോണോയുടെ പേരിലാണ്.
കുതിപ്പ് തുടരുന്ന ബെല്‍ജിയം
യൂറോയില്‍ പരാജയമറിയാതെ മുന്നോട്ട് നീങ്ങുകയാണ് ബെല്‍ജിയം. യോഗ്യതാ പോരാട്ടങ്ങള്‍ 10ഉം ജയിച്ച് ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തിയ സംഘം അവിടെയും മുട്ട് മടക്കിയില്ല. എല്ലാ മത്സരങ്ങളും ജയിച്ച റോബര്‍ട്ടോ മാര്‍ട്ടിനസിന്‍റെ ശിഷ്യന്‍മാര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. ഗ്രൂപ്പ ഘട്ടത്തില്‍ ഇതേവരെ ബെല്‍ജിയം ഏഴ് ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
ടീം വര്‍ക്കിലൂടെയാണ് ബെല്‍ജിയത്തിന്‍റെ ജയങ്ങള്‍. മുന്നേറ്റത്തിന് റോമേലു ലുക്കാക്കു ചുക്കാന്‍ പിടിക്കുമ്പോള്‍ പരിക്ക് ഭേദമായെത്തിയ കെവിന്‍ ഡിബ്രുയിന്‍ മധ്യനിരിയില്‍ കളം പിടിക്കും. ഈഡന്‍ ഹസാഡ് കൂടി ഫോമിലേക്കുയര്‍ന്നാല്‍ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടാന്‍ ബെല്‍ജിയത്തിനാകും.
ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ കഴിഞ്ഞ് മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ബെല്‍ജിയം നോക്ക് ഔട്ട് ഘട്ടത്തില്‍ ബൂട്ട് കെട്ടുന്നത്. അതിന്‍റെ ആനുകൂല്യം ടീമിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ മാര്‍ട്ടിനസ്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ അനുഭവ പരിചയം ഏറെയുള്ള ടീമാണ് ബെല്‍ജിയം.
അതിനാല്‍ തന്നെ അവര്‍ക്ക് ഇത്തവണ കപ്പടിക്കാന്‍ അനൂകൂല സാഹചര്യമാണ്. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടറില്‍ മറികടക്കാനായാല്‍ കപ്പിനോട് ഒരു പടി കൂടി അടുക്കാന്‍ ലുക്കാക്കുവിനും കൂട്ടര്‍ക്കും സാധിക്കും. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ആദ്യമായി മേജര്‍ ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണിപ്പോള്‍ ബെല്‍ജിയന്‍ പടക്ക് ലഭിച്ചിരിക്കുന്നത്.
പോര്‍ച്ചുഗല്‍ ബൂട്ട് കെട്ടുന്നത് മരണക്കളിക്ക് ശേഷം
ഡത്ത് ഗ്രൂപ്പിലെ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ പോരായ്‌മകളെയും മികവുകളെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. ഗ്രൂപ്പ ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരിലെ മികച്ച ഒന്നാം സ്ഥാനക്കാരായി എത്തുന്ന പറങ്കിപ്പടക്ക് പ്രതിരോധത്തിലെ വിള്ളലുകളാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
മൂന്ന് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകള്‍ അടിച്ച് കൂട്ടിയ അവര്‍ ആറ് ഗോളുകള്‍ വഴങ്ങി. പെപ്പെയും റൂബെന്‍ ഡിയാസും ടീമിനൊപ്പം നിന്ന് തീര്‍ക്കുന്ന പ്രതിരോധ കോട്ടയിലെ വിള്ളലുകളിലാകും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ ആശങ്കകള്‍ മുഴുവന്‍. ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന മുന്നേറ്റവും ബ്രൂണോ ഫെര്‍ണാണ്ടസും ഡാനിലോ പെരേറയും ഉള്‍പ്പെടെ ചേര്‍ന്നൊരുക്കുന്ന മിഡ്‌ഫീല്‍ഡിലെ തന്ത്രങ്ങളുമാണ് പോര്‍ച്ചുഗലിന്‍റെ കരുത്ത്.
ഫ്രാന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ബ്രൂണോയെ ഇത്തവണ ഏതായാലും തുടക്കത്തിലെ പ്രതീക്ഷിക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഹംഗറിക്കെതിരെ ജയം സ്വന്തമാക്കിയ പോര്‍ച്ചുഗലിന് പക്ഷെ വമ്പന്‍ പോരാട്ടങ്ങളില്‍ ജയം തുടരാനായിരുന്നില്ല. ജര്‍മനിയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ അവര്‍ക്ക് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് സമനില വഴങ്ങേണ്ടി വന്നു.
മത്സരം തത്സമയം സോണി നെറ്റ് വര്‍ക്കിലും ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമായ സോണി ലിവിലും കാണാം.