യൂറോകപ്പ് തുടങ്ങുമ്പോൾ കറുത്ത കുതിരകളാകുമെന്ന് കരുതിയവർ ആദ്യ റൗണ്ടില്‍ തന്നെ എരിഞ്ഞടങ്ങിയപ്പോൾ വൻ സ്രാവുകൾ അടുത്ത റൗണ്ടിലേക്ക് നീന്തിക്കയറി. ഇറ്റലിയും ബെല്‍ജിയവും നെതർലൻഡും തോല്‍വിയറിയാതെ ഗോളടിച്ചുകൂട്ടിയാണ് പ്രീക്വാർട്ടർ ഉറപ്പിച്ചത്.
എന്നാല്‍ ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ പോർച്ചുഗല്‍, മുൻ ലോക ചാമ്പ്യൻമാരായ ജർമനി, ഒരുപിടി യുവ സൂപ്പർ താരങ്ങളുമായി എത്തിയ ഇംഗ്ലണ്ട്, മൂന്ന് തവണ യൂറോ കപ്പ് നേടിയ സ്‌പെയിൻ എന്നിവർ അവസാന നിമിഷമാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
കറുത്ത കുതിരകൾക്ക് അതിവേഗ മടക്കം
പോളണ്ട്, തുർക്കി, റഷ്യ എന്നിവർ ഈ ടൂർണമെന്‍റിലെ അട്ടിമറി വീരൻമാരായി അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. തോല്‍വികൾ ഏറ്റുവാങ്ങി ആദ്യ റൗണ്ടില്‍ തന്നെ മൂവരും മടങ്ങി. ഫുട്‌ബോളിന്‍റെ സൗന്ദര്യം നഷ്ടമാക്കാതെ ഹംഗറിയും നോർത്ത് മാസിഡോണിയും സ്കോട്‌ലൻഡും കളിച്ചു. അവർക്കും ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി മടങ്ങാനായിരുന്നു വിധി.
അപ്രതീക്ഷിതമല്ല ഇറ്റാലിയൻ വരവ്
ഇറ്റലി എന്നും ഇങ്ങനെയാണ്. 60 വർഷങ്ങൾക്കിടെ 2018 ല്‍ നന്ന കഴിഞ്ഞ റഷ്യൻ ലോകകപ്പില്‍ പങ്കെടുക്കാൻ കഴിയാതെ വെറും കാഴ്‌ചക്കാർ മാത്രമായിരുന്നു ഇറ്റലി. അവിടെ നിന്നുള്ള ഇറ്റലിയുടെ വിജയ യാത്ര റോബർട്ടോ മാൻസീനി എന്ന ഇറ്റാലിയൻ ഫുട്‌ബോൾ പരിശീലകന്‍റെ വിജയ യാത്ര യാത്രയാണ്. ഇത്തവണ യൂറോയിലേക്ക് വരുമ്പോൾ ഇറ്റലി പഴയ ഇറ്റലിയല്ല.
യൂറോയില്‍ പരാജയമറിയാതെ 30 മത്സരങ്ങൾ. ഒരു ഗോളും വഴങ്ങാതെ ഏഴ് ഗോളുകൾ എതിരാളികളുടെ വലയില്‍ നിറച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്ക്. പഴയ ഇറ്റാലിയൻ പ്രതിരോധക്കോട്ട കെട്ടിയല്ല മാൻസിനി തന്‍റെ ടീമിനെ കളി പഠിപ്പിച്ചത്. പ്രതിരോധത്തിനൊപ്പം ആക്രമണവും അതിനേക്കാൾ മികച്ച മധ്യ നിരയും മാൻസിനി നെയ്‌തെടുത്തു. ഇനി ലക്ഷ്യം യൂറോ കപ്പ് മാത്രം. ഇമ്മൊബല്ലെയും ലക്കോട്ടെലിയും ജോർജീന്യോയും മാർക്കോ വെറാറ്റിയും ചേരുന്ന ടീം ഇന്ന് ലോകത്തെ ഒന്നാം നമ്പർ തന്നെയാണ്.
also read:യൂറോ കപ്പില്‍ ഇനി പ്രീക്വാർട്ടർ; മത്സര ക്രമവും പോരാളികളും ഇങ്ങനെ..
ആ റാങ്ക് ഒന്നാംറാങ്ക് തന്നെ
ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ബ്രസീലും അർജന്‍റീനയും. ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, ലോക ഫുട്‌ബോളിലെ വമ്പൻമാരായ ഇംഗ്ലണ്ട്, ഇറ്റലി, ജർമനി.. ഇവരൊക്കെ നിറഞ്ഞു നില്‍ക്കുമ്പോഴും ഫിഫയുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള യൂറോപ്യൻ ടീമായ ബെല്‍ജിയമാണ്. ഇവരെങ്ങനെ ഒന്നാം സ്ഥാനത്ത് എത്തി എന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ട..
അതിനുള്ള ഉത്തരം ബെല്‍ജിയത്തിന്‍റെ കളി കണ്ടാല്‍ മനസിലാകും. യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച് ഒന്നാമൻമാരായണ് ബെല്‍ജിയം പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഫോമിലേക്ക് ഉയർന്ന ഏദൻ ഹസാർഡ്, മുന്നേറ്റത്തില്‍ റൊമേലു ലുക്കാക്കു, കളി മെനയാൻ കെവിൻ ഡിബ്ര്യുയിൻ എന്നിവരുള്ളപ്പോൾ ആ റാങ്ക് ഒന്നാം റാങ്ക് തന്നെയായിരിക്കും.
പ്രതാപം വീണ്ടെടുത്ത് നെതർലൻഡ്
ടോട്ടല്‍ ഫുട്‌ബോൾ എന്ന സങ്കല്‍പ്പം ലോകത്തിന് സമ്മാനിച്ച യൊഹാൻ ക്രൈഫിന്‍റെ നാട്ടുകാർക്ക് ഇതെന്തു പറ്റി എന്ന് ചോദിച്ചത് കഴിഞ്ഞ യൂറോ കപ്പു മുതലാണ്. അതിനു ശേഷം ലോകകപ്പിലും ദയനീയം. എന്നാല്‍ വർഷം മൂന്ന് കഴിയുമ്പോൾ നെതർലൻഡ് ആകെ മാറി. പഴയ ടോട്ടല്‍ ഫുട്‌ബോൾ പ്രതാപം ഇല്ലെങ്കിലും അവർ ഒരു ടോട്ടല്‍ ടീമായി മാറിയിരിക്കുന്നു.
ഗോളടിക്കുന്നു, മത്സരം ജയിക്കുന്നു. ഹോളണ്ടിന് അത് മതി. ഇനി വേണ്ടത് ഒരു കിരീടമാണ്. വർഷങ്ങളായി ആത്മാർഥമായി ആഗ്രഹിക്കുന്ന കിരീടം. ഇത്തവണ അതിന് ഉറപ്പിച്ചു തന്നെയാണ് വരവും പ്രകടനവും. ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരവും ജയിച്ച് പ്രീക്വാർട്ടറിലേക്ക് കടക്കുമ്പോൾ നായകൻ വെയ്‌നാൾഡവും സംഘവും ലക്ഷ്യമിടുന്നത് യൂറോപ്പിലെ കിരീടം മാത്രം. മുന്നേറ്റ താരം മെംഫിസ് ഡീപേ മാത്രമല്ല, പ്രതിരോധത്തിലെ ഡാനിയേല്‍ ഡെംഫ്രിസ് വരെ ഗോളടിച്ചു കൂട്ടിയാണ് ഡച്ച് ടീമിന്‍റെ വരവ്.
ഫേവറിറ്റുകളായി ഫ്രാൻസ് തന്നെ
ആദ്യ മത്സരങ്ങളില്‍ ഗോളടിച്ച് കൂട്ടാൻ മറന്നെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെയാണ് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തിയത്. രണ്ട് ജയവും ഒരു സമനിലയും ആരാധകർക്ക് അത്ര ആശ്വാസം നല്‍കുന്നതല്ല. പക്ഷേ യൂറോയില്‍ ഫ്രാൻസ് തന്നെയാണ് ഇപ്പോഴും ഫേവറിറ്റുകൾ. കിലിയൻ എംബാപ്പെ, കരിം ബെൻസമെ, അന്‍റോണിയോ ഗ്രീസ്‌മാൻ.. എന്നിവർ ഫോമിലെത്തുമെന്ന് പ്രതീക്ഷിക്കാം.
മധ്യനിരയില്‍ പോൾ പോഗ്‌ബ മെനയുന്ന കളിയാണ് ഫ്രാൻസിന്‍റെ ഫുട്‌ബോൾ. എൻഗോള കോന്‍റെ എന്ന സൈലന്‍റ് കില്ലറാണ് ഫ്രാൻസിന്‍റെ മധ്യനിരയേയും പ്രതിരോധത്തെയും നിയന്ത്രിച്ചു നിർത്തുന്ന കണ്ണി. വരും മത്സരങ്ങളില്‍ ഇവരുടെ പ്രകടനം തന്നെയാണ് ഫ്രാൻസിന്‍റെ വിധി നിർണയിക്കുക.
ഉണരുന്ന സ്പെയിനും ജർമനിയും, ഇംഗ്ലണ്ട് പാതി വഴിയില്‍
എക്കാലവും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ ടീമുകളുമായാണ് ഇംഗ്ലണ്ടും സ്പെയിനും ജർമനിയും എല്ലാ പ്രമുഖ ടൂർണമെന്‍റുകൾക്കും എത്താറുള്ളത്. ഇക്കുറിയും അതിന് മാറ്റമില്ല. ഏത് പൊസിഷനിലും മൂവർക്കും അണിനിരത്താൻ മികച്ച താരങ്ങളുണ്ട്. പക്ഷേ ഗ്രൂപ്പ് സ്റ്റേജില്‍ അതൊന്നും പ്രകടമായില്ല. ഇംഗ്ലണ്ടിന് വേണ്ടി ഗോളടിക്കാൻ ആളുണ്ടായില്ല. നിറം മങ്ങിയ ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന് എല്ലാ മത്സരങ്ങളിലും ബാധ്യതയായിരുന്നു. രണ്ട് മത്സരങ്ങളില്‍ റഹിം സ്റ്റെർലിങിന്‍റെ ഓരോ ഗോളുകൾ മാത്രമാണ് അവർക്ക് ആശ്വാസമായത്.
മറുവശത്ത് സമനിലയില്‍ തുടങ്ങിയ സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അഞ്ച് ഗോളടിച്ച് നയം വ്യക്തമാക്കി. ഇരു ടീമുകളും മൂന്ന് മത്സരങ്ങൾ കൊണ്ട് ഏറക്കുറെ സെറ്റായെന്നാണ് അവസാന മത്സരങ്ങൾ നല്‍കുന്ന സൂചന. എന്നാല്‍ ജർമനി ആകെ മൊത്തം ആശയക്കുഴപ്പത്തിലാണ് ടൂർണമെന്‍റ് തുടങ്ങിയത്. ആദ്യം ഫ്രാൻസിനോട് തോറ്റു.
പിന്നെ പോർച്ചുഗലിനെ വൻ മാർജിനില്‍ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ ഹംഗറിയോട് സമനില. പ്രീക്വാർട്ടറില്‍ ജർമനിയില്‍ നിന്ന് ആരാധകർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഗ്‌നാബ്രി, ഹാവെർട്‌സ്, ഗുണ്ടോഗൻ, ക്രൂസ് എന്നിവരിലാണ് ജർമനിയുടെ പ്രതീക്ഷ.
ഡെൻമാർക്കും ക്രൊയേഷ്യയും
ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളാണ് ഡെൻമാർക്കും ക്രൊയേഷ്യയും. വിജയം അനിവാര്യമായ മത്സരങ്ങളില്‍ അപ്രതീക്ഷിതവും അവിശ്വസനീയവുമായ പ്രകടനത്തിലൂടെ പ്രീക്വാർട്ടറിലെത്തിയവർ. ടീമിന്‍റെ എല്ലാമെല്ലാമായ എറിക്‌സണെ ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ആദ്യമത്സരത്തില്‍ നഷ്ടമായ ഡെൻമാർക്ക് തോല്‍വിയോടെയാണ് തുടങ്ങിയത്.
എന്നാല്‍ പിന്നീട് ഡാനിഷ് പട നടത്തിയത് വമ്പൻ കുതിപ്പാണ്. ക്രോയേഷ്യയും സമാന സ്ഥിതിയാണ്. ആദ്യം ഇംഗ്ലണ്ടിനോട് തോറ്റ ക്രോയേഷ്യ പിന്നീട് അടിച്ചുകൂട്ടിയത് ഗോൾ മഴ. അവസാന മത്സരത്തില്‍ സൂപ്പർ താരം ലൂക്ക മോഡ്രിച്ച് ഫോമിലേക്ക് എത്തിയതും ക്രൊയേഷ്യയ്ക്ക് ആശ്വാസം പകരും.
പോർച്ചുഗല്‍ റോണോയുടെ ചിറകില്‍ തന്നെ
മികച്ച യുവതാരങ്ങളുമായി എത്തി വമ്പൻ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച പോർച്ചുഗലില്‍ നിന്ന് താരതമ്യേന മികച്ച പ്രകടനമാണ് ടൂർണമെന്‍റിലുണ്ടായത്. മുപ്പത്തിയാറാം വയസിലും തന്‍റെ മികവിലാണ് പറങ്കികളുടെ കുതിപ്പെന്ന് ക്രിസ്‌റ്റ്യാനോ റൊണാൾഡോ ലോകത്തിന് കാണിച്ചുകൊടുത്തു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളുമായി ടൂർണമെന്‍റിലെ ഗോൾ വേട്ടക്കാരില്‍ മുന്നില്‍. ഫ്രാൻസിനെ സമനിലയില്‍ തളച്ചാണ് പ്രീക്വാർട്ടറിലേക്ക് പോർച്ചുഗീസ് പട ടിക്കറ്റ് എടുത്തത്. ജോട്ട, ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ളവർ ഫോമിലേക്ക് ഉയർന്നാല്‍ കഴിഞ്ഞ യൂറോ പോർച്ചുഗലിന് ആവർത്തിക്കാം.
ആരെയും അട്ടിമറിക്കാൻ ഈ ആറ് പേർ
ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക്, യുക്രൈൻ, സ്വീഡൻ, വെയ്‌ല്‍സ്... പ്രീ ക്വാർട്ടറിലെ കറുത്ത കുതിരകൾ ഇവരാണ്. അവരുടേതായ ദിവസത്തില്‍ ഏത് വമ്പൻ ടീമിനെയും അട്ടിമറിക്കാൻ പോന്നവർ. സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പ്രീക്വാർട്ടറിലെത്തിയത്. ചെക്കും സ്വിറ്റ്‌സർലൻഡും ടൂർണമെന്‍റില്‍ നടത്തിയത് മികച്ച പോരാട്ടം. ഓസ്ട്രിയയും വെയ്‌ല്‍സും കൂടി വരുമ്പോൾ വമ്പൻമാരായ എതിരാളികൾക്ക് നോക്കൗട്ട് റൗണ്ട് കടുപ്പമാകും.