ബുധാപെസ്റ്റ്:പാട്രിക് ഷിക്കിന്‍റെ കരുത്തില്‍ ഹോളണ്ടിനെ തളക്കാന്‍ ചെക്ക് റിപ്പബ്ലിക്ക് എത്തുന്നു. പുഷ്‌കാസ് അരീനയില്‍ നടക്കുന്ന യൂറോയിലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
യൂറോയില്‍ ഇതിനകം എണ്ണം പറഞ്ഞ മൂന്ന് ഗോളുകളാണ് പാട്രിക് ഷിക്ക് സ്വന്തമാക്കിയത്. മറുഭാഗത്ത് പരാജയമറിയാതെ മുന്നേറുന്ന ഹോളണ്ട് സി ഗ്രൂപ്പില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയത്. 3-5-2 ശൈലി പിന്തുടരുന്ന ഹോളണ്ടിന് ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ എതിരാളികളെ ലഭിച്ചിരുന്നില്ല.
1988ല്‍ യൂറോയില്‍ കപ്പടിച്ച ശേഷം മേജര്‍ കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ ഓറഞ്ച് പടക്കായിട്ടില്ല. 1996ല്‍ യൂറോയുടെ ഫൈനല്‍ വരെ എത്തിയെങ്കിലും പടിക്കല്‍ കലമുടച്ചു. 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് ഹോളണ്ട് ഇത്തവണ യൂറോയില്‍ ബൂട്ട് കെട്ടുന്നത്.