റോം :വിഖ്യാത സംഗീതജ്ഞന്‍ മോറികോണിനെ ഓര്‍മിപ്പിക്കുന്ന അനുസ്യൂതമായ പ്രവാഹമായിരുന്നു അരീനയിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയുടേത്. എന്നാല്‍ ഡിഫന്‍ഡര്‍ ലിയനാര്‍ഡോ സ്‌പിനസോള മുടന്തി കളം വിട്ടപ്പോള്‍ മാത്രം മ്യൂണിക്കിലെ വേദിയില്‍ ഇറ്റാലിയന്‍ ഫുട്‌ബോളിന് ശ്രുതി തെറ്റി.
ബെല്‍ജിയത്തിന്‍റെ വന്യമായ ആക്രമണങ്ങളെ നിഷ്‌പ്രഭമാക്കി ജയം കാളക്കൂറ്റന്‍മാര്‍ സ്വന്തമാക്കുമ്പോള്‍ സ്‌പിനസോളയ്ക്ക് യൂറോയിലെ അവസാന മത്സരമാകും അതെന്ന് ആരും കരുതിയില്ല. കണങ്കാലിലെ പേശിക്ക് പരിക്കേറ്റ് പുറത്തായ അസൂറിപ്പടയുടെ ലെഫ്‌റ്റ് ബാക്ക് ഒരു വര്‍ഷത്തിലധികം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റൊമേലു ലുക്കാക്കുവിനെ ടാക്കിള്‍ ചെയ്യുന്നതിനിടെയായിരുന്നു ആ പരിക്ക്. ഇഞ്ച്വറിയുടെ പിടിയിലായെങ്കിലും ഗോളടിക്കാനുള്ള ലുക്കാക്കുവിന്‍റെ ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സ്‌പിനസോളയ്ക്കായി. അതോടെ സമനിലക്കളിയും എക്‌സ്‌ട്രാ ടൈമിന്‍റെയും പെനാല്‍ട്ടി ഷൂട്ട് ഔട്ടിന്‍റെയും അനിശ്ചിതത്വങ്ങളും ഒഴിവാക്കി ഇറ്റലി സെമി പ്രവേശം ഉറപ്പാക്കി.