കേരളം

kerala

ETV Bharat / sports

വലനിറയ്ക്കാൻ സ്‌പെയിൻ, കാത്തിരുന്ന് തിരിച്ചടിക്കാൻ സ്വിറ്റ്സർലൻഡ്: യൂറോയില്‍ ക്വാർട്ടർ പോരാട്ടം തുടങ്ങുന്നു - യൂറോയും സ്‌പെയിനും വാര്‍ത്ത

അവസാന നിമിഷത്തെ മുന്നേറ്റത്തിലൂടെ യൂറോയില്‍ വിജയം സ്വന്തമാക്കുന്ന സ്വിറ്റ്സര്‍ലന്‍ഡും തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ വീതം സ്വന്തമാക്കിയ സ്‌പെയിനുമാണ് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത്.

euro cup update  euro and spain news  euro and switzerland news  യൂറോ കപ്പ് അപ്പ്‌ഡേറ്റ്  യൂറോയും സ്‌പെയിനും വാര്‍ത്ത  യൂറോയും സ്വിറ്റ്‌സര്‍ലന്‍ഡും വാര്‍ത്ത
യൂറോ

By

Published : Jul 1, 2021, 8:40 PM IST

സെന്‍റ്പീറ്റേഴ്‌സ്ബര്‍ഗ്:റെക്കോഡ് നേട്ടം പ്രതീക്ഷിച്ച് സ്‌പാനിഷ് പടയും പ്രമുഖ ലീഗിലെ പ്രഥമ കിരീടം ലക്ഷ്യമിട്ട് സ്വിസ് ആര്‍മിയും സെന്‍റ് പീറ്റേഴ്‌സബര്‍ഗിലെത്തി. ഗാസ്‌പോറം അരീനയില്‍ വെള്ളിയാഴ്‌ച രാത്രി 9.30നാണ് യൂറോ കപ്പിലെ പ്രഥമ ക്വാര്‍ട്ടര്‍ പോരാട്ടം. യൂറോയില്‍ ഇതേവരെ ഇരുവരും നടത്തിയത് നടത്തിയത് അപ്രതീക്ഷിത കുതിപ്പുകളാണ്.

കാളക്കൂറ്റൻമാരുടെ കരുത്തറിയാം

ഗ്രൂപ്പ് ഇയില്‍ നിന്നും ഒരു ജയം മാത്രമുള്ള സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയ സ്‌പെയിന്‍ പിന്നാലെ ഗോളടിച്ച് ഞെട്ടിക്കാന്‍ തുടങ്ങി. എതിരാളികളുടെ വല നിറച്ചാണ് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലെയും ജയങ്ങള്‍. ക്രൊയേഷ്യക്കെതിരെയും സ്ലൊവാക്യക്കെതിരെയും അഞ്ച് ഗോളടിച്ചാണ് വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയത്. യൂറോ കപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അഞ്ച് വീതം ഗോളടിക്കുന്ന ആദ്യ ടീമെന്ന നേട്ടവും അവര്‍ സ്വന്തമാക്കി.

ഇരു മത്സരങ്ങളിലും മിഡ്‌ഫീല്‍ഡിന്‍റെ കരുത്തിലായിരുന്നു സ്‌പെയിന്‍റെ ജയം. അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ ഡാനി ഒല്‍മോയും സ്‌ട്രൈക്കര്‍ ജെറാര്‍ഡ് മൊറേനോയും രണ്ട് വീതം അസിസ്റ്റുമായി തിളങ്ങി. ആദ്യ രണ്ട് കളികളിലും ആയിരത്തോളം പാസുകള്‍ സ്വന്തം പേരില്‍ ഉണ്ടായിട്ടും സമനില വഴങ്ങേണ്ടി വന്നു. പ്രതീക്ഷ നശിച്ചവരുടെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ അവര്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ വീതം അടിച്ച് അവര്‍ മറുപടി പറഞ്ഞു.

നാലാം കിരീടം സ്വപ്‌നം

തുടര്‍ച്ചയായി ഏഴാം തവണയാണ് സ്‌പെയിന്‍ യൂറോ കപ്പ് യോഗ്യത നേടുന്നത്. ഇത്തവണ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ലൂയിസ് എന്‍ട്രിക്യുവിന്‍റെ ശിഷ്യന്മാര്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. നാല് കിരീടങ്ങളുമായി യൂറോയില്‍ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് സ്‌പെയിന് ലഭിച്ചിരിക്കുന്നത്. യൂറോയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന നേട്ടം നിലവില്‍ രണ്ട് രാജ്യങ്ങളുടെ പേരിലാണുള്ളത്.

സ്‌പെയിനെ കൂടാതെ ജര്‍മനിയാണ് ആ നേട്ടത്തിന് അവകാശിയായി ഉള്ളത്. ഇരുവരുടെയും ഷെല്‍ഫില്‍ മൂന്ന് വീതം യൂറോ കപ്പുകളുണ്ട്. ജര്‍മനി 1972ലും 1980ലും 1996ലും കപ്പുയര്‍ത്തിയപ്പോള്‍ സ്‌പെയിന്‍ 1964ലും 2008ലും 2012ലും കപ്പുയര്‍ത്തി. പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറും വീണ്ടും കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് സ്‌പെയിന് ലഭിച്ചിരിക്കുന്നത്.

അട്ടിമറിയുടെ തീരത്ത്

വീണ്ടും ഒരിക്കല്‍ കൂടി സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ നിര്‍ണായക പോരാട്ടത്തിന് ബൂട്ട് കെട്ടുകയാണ് സ്വിസ് ആര്‍മി. ഇതിന് മുമ്പ് 2018ലെ ലോകകപ്പിന്‍റെ പതിനാറാം റൗണ്ടില്‍ സ്വീഡനെതിരെയാണ് കളിച്ചത്. അന്ന് സ്വീഡനോട് പരാജയപ്പെട്ട പുറത്തായ സ്വിസ് നിരക്ക് ഇത്തവണ ജയിച്ച് മറുപടി നല്‍കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ആദ്യമായി യൂറോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോക ജേതാക്കളായ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെ ജയം സ്വന്തമാക്കിയ സ്വിസ് നിരയുടെ പോരാട്ട വീര്യത്തില്‍ സംശയം ഒട്ടുമുണ്ടാകില്ല.

Also Read: ലോകം കാത്തിരിക്കുന്നു.. യൂറോയിലെ ക്വാർട്ടർ പോരാട്ടങ്ങൾക്കായി..

ക്ലൈമാക്‌സിലെ തകര്‍പ്പന്‍ വിജയങ്ങളിലൂടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നാം സ്ഥാനക്കാരാകാന്‍ അവര്‍ക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. നോക്ക് ഔട്ട് റൗണ്ടില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടി ഷൂട്ട്‌ ഔട്ടിലേക്ക് കടന്ന സ്വിസ് നിര അവസാന ഷോട്ട് വരെ കാത്തിരുന്നാണ് ജയം സ്വന്തമാക്കിയത്.

Also Read: ബുക്കാറസ്റ്റില്‍ സ്വിസ് വിജയഗാഥ; ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്ത് ക്വാര്‍ട്ടറില്‍

സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡും ഇതിന് മുമ്പ് 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരു തവണ മാത്രമാണ് സ്വിസ് പടക്ക് ജയം കണ്ടെത്താന്‍ സാധിച്ചത്. അഞ്ച് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 16 തവണ സ്‌പെയിന്‍ വിജയിച്ചു. സ്‌പെയിന്‍ 48 ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 18 ഗോളുകള്‍ വഴങ്ങി.

ബെല്‍ജിയവും ഇറ്റലിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളാകും സെമിയിലെ എതിരാളികള്‍. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ജൂലൈ മൂന്നിന് പുലര്‍ച്ചെ 12.30ന് അലയന്‍സ് അരീനയില്‍ നടക്കും.

ABOUT THE AUTHOR

...view details