മ്യൂണിക്ക്: യൂറോ കപ്പില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അസൂറിപ്പട ബെല്‍ജിയത്തെ വീഴ്ത്തിയത്. വിജയത്തോടെ തുടര്‍ച്ചയായ 32 മത്സരങ്ങള്‍ മാന്‍ചീനിയുടെ സംഘം പരാജയമറിയാതെ പൂര്‍ത്തിയാക്കി. അതേസമയം മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
31ാം മിനുട്ടില്‍ നിക്കോളോ ബാരെല്ല
ഇരു സംഘവും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 13ാം മിനുട്ടില്‍ ബൊനൂച്ചിയിലിലൂടെ ഇറ്റലി ഗോള്‍ വല കുലുക്കിയെങ്കിലും വാറിലൂടെ റഫറി ഓഫ്‌സൈഡ് വിളിച്ചു. തുടര്‍ന്ന് 31ാം മിനുട്ടില്‍ നിക്കോളോ ബാരെല്ലയാണ് ആദ്യം ലക്ഷ്യം കണ്ടത്. ബെല്‍ജിയം താരം വെര്‍ട്ടോഗന്‍റെ മിസ് പാസാണ് ഗോളില്‍ കലാശിച്ചത്.
also read: യൂറോ കപ്പ്: സ്വിസ് പടയെ തകർത്ത് സ്പെയ്ൻ സെമി ഫൈനലിൽ
സിറൊ ഇമ്മൊബീല്‍ ബെല്‍ജിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ വെര്‍ട്ടോഗന്‍റെ മിസ് പാസില്‍ പന്ത് മാര്‍കോ വൊറാറ്റിയിലേക്ക്. തുടര്‍ന്ന് പന്ത് ലഭിച്ച ബരേല്ല രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ തിബോ ക്വോര്‍ട്ടുവായെ കീഴടക്കി.