കേരളം

kerala

ETV Bharat / sports

വമ്പന്‍മാര്‍ പരുങ്ങലില്‍; യൂറോയില്‍ കളി കാര്യമാകുന്നു - യൂറോ കപ്പും ഇംഗ്ലണ്ടും വാര്‍ത്ത

യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനും ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനും ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ക്ക് ഇതേവരെ നോക്ക് ഔട്ട് സ്റ്റേജ് ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല

യൂറോ കപ്പ് അപ്പ്ഡേറ്റ്  യൂറോ കപ്പും പ്രീ ക്വാര്‍ട്ടറും വാര്‍ത്ത  യൂറോ കപ്പും ഇംഗ്ലണ്ടും വാര്‍ത്ത  യൂറോ കപ്പും എഫ്‌ ഗ്രൂപ്പും വാര്‍ത്ത
യൂറോ

By

Published : Jun 21, 2021, 2:13 PM IST

Updated : Jun 21, 2021, 3:25 PM IST

യൂറോ കപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടൂർണമെന്‍റ് ഫേവറിറ്റുകള്‍ നിലനില്‍പ്പിനായി പൊരുതുകയാണ്. നോക്ക് ഔട്ട് ഉറപ്പിച്ച ബെല്‍ജിയവും ഇറ്റലിയും ഹോളണ്ടും ഒഴികെയുള്ള കരുത്തര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. യൂറോകപ്പിലെ ശേഷിക്കുന്ന കരുത്തര്‍ക്ക് നിര്‍ണായക മത്സരങ്ങളില്‍ ജയമില്ലെങ്കില്‍ പുറത്ത് പോകേണ്ടി വരും.

ലോക ജേതാക്കളായ ഫ്രാന്‍സും കരുത്തരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും ജര്‍മനിയും പോര്‍ച്ചുഗലും ഇനിയും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല. വരും മത്സരങ്ങളിലെ ജയപരാജയങ്ങൾ ഈ ടീമുകളുടെ വിധി നിർണയിക്കും.

ഇംഗ്ലണ്ട് അകത്തോ പുറത്തോ

ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് നിര്‍ണായക പോരാട്ടം. ജയത്തില്‍ കുറഞ്ഞൊന്നും അവര്‍ക്ക് ലക്ഷ്യമിടാനാകില്ല. ഗരത് സൗത്ത് ഗേറ്റിന്‍റെ ശിഷ്യന്‍മാര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാർട്ടർ ഉറപ്പാക്കാന്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം അനിവാര്യമാണ്. ഗ്രൂപ്പ് സ്റ്റേജില്‍ ഇതേവരെ ഗോള്‍ വഴങ്ങാത്ത മൂന്ന് ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്.

ഇംഗ്ലണ്ടിന് വമ്പന്‍ പോരാട്ടം.

ഇനി ചെക്കിനോട് പരാജയം വഴങ്ങിയാല്‍ ക്രൊയേഷ്യയും സ്‌കോട്ട്‌ലന്‍ഡും തമ്മിലുള്ള മത്സരം ഇംഗ്ലണ്ടിന് നിര്‍ണായകമാകും. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരം സമനില ആയാല്‍ ഹാരി കെയിനും കൂട്ടര്‍ക്കും അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ഉറപ്പാക്കാം. അല്ലാത്ത പക്ഷം ഗ്രൂപ്പ് സ്റ്റേജിലെ മൂന്നാം സ്ഥാനക്കാരിലെ മികച്ച നാലില്‍ ഉള്‍പ്പെടാനായി കാത്തിരിക്കേണ്ടി വരും. ഗ്രൂപ്പ ഡി പോരാട്ടങ്ങള്‍ ജൂണ്‍ 23ന് പുലര്‍ച്ചെ 12.30ന് നടക്കും

സ്‌പെയിന്‍ പുറത്തേക്ക്

യൂറോ കപ്പില്‍ ഇത്തവണ പ്രീക്വാർട്ടർ കാണാതെ പുറത്താകുമെന്ന ഭീഷണിയിലാണ് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയ സ്‌പെയിനിന് അടുത്ത മത്സരത്തില്‍ സ്ലൊവാക്യയാണ് എതിരാളികള്‍.

സ്‌പെയിന് നിര്‍ണായകം.

പരിശീലകന്‍ ലൂയിസ് എന്‍ട്രിക്യുവിന് കീഴില്‍ താളം കണ്ടെത്താന്‍ സാധിക്കാത്ത സ്‌പെയിനിന് അടുത്ത മത്സരത്തില്‍ ജയം അനിവാര്യമാണ്. പോളണ്ടിനെ മറികടന്ന സ്ലൊവാക്യയുമായുള്ള പോരാട്ടം സ്‌പെയിനിന് കടുത്തതാകും. ജൂണ്‍ 23ന് രാത്രി 9.30നാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം.

മരണ ഗ്രൂപ്പില്‍ തീപാറും

യൂറോ കപ്പിലെ ജീവന്‍ മരണ പോരാട്ടം നടക്കുന്ന എഫ്‌ ഗ്രൂപ്പില്‍ അനിശ്ചിതത്വങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് ഇനിയും പ്രീക്വാർട്ടർ ഉറപ്പാനായിട്ടില്ല. ഗ്രൂപ്പില്‍ ഇതുവരെ തകര്‍പ്പന്‍ പോരാട്ടങ്ങളാണ് നടന്നത്. ജൂണ്‍ 24നാണ് എഫ്‌ ഗ്രൂപ്പിnെ നിര്‍ണായ പോരാട്ടങ്ങള്‍. സെമി ഫൈനലിനെ വെല്ലുന്ന മത്സരത്തില്‍ ഫ്രാന്‍സ് നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ നേരിടും.

എഫ്‌ ഗ്രൂപ്പില്‍ ജീവന്‍ മരണ പോരാട്ടം.

ലോക ചാമ്പ്യന്‍മാരും യൂറോപ്പിലെ ചാമ്പ്യന്‍മാരും ഏറ്റുമുട്ടുമ്പോള്‍ യൂറോയിലെ തകര്‍പ്പന്‍ പോരാട്ടമായി അത് മാറും. ജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കും. സമനിലയാണെങ്കില്‍ ജര്‍മനിയും ഹംഗറിയും തമ്മിലുള്ള മത്സരത്തിലെ ഫലം നിര്‍ണായകമാകും.

ജര്‍മനി ജേതാക്കളായാല്‍ പോർച്ചുഗല്‍- ഫ്രാൻസ് മത്സരത്തില്‍ പരാജയപ്പെട്ടവര്‍ പുറത്താകും. മറിച്ചാണെങ്കില്‍ ഹംഗറിക്കൊപ്പം ജര്‍മനിക്കും പുറത്തേക്കുള്ള വഴി ഒരുങ്ങും. അവസാന നാലില്‍ ഉള്‍പ്പെടുകയെന്ന സാധ്യത മാത്രമെ ജര്‍മനിക്ക് മുന്നില്‍ പിന്നീട് ബാക്കിയുണ്ടാകു.

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയവർ

യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇറ്റലിയാണ് ആദ്യം പ്രീക്വാർട്ടർ ഉറപ്പാക്കിയത്. ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളും ജയിച്ച ഇറ്റലി ടേബിള്‍ ടോപ്പറായാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ഗ്രൂപ്പ് എയില്‍ ഒമ്പത് പോയിന്‍റാണ് അസൂറിപ്പടക്കുള്ളത്. കഴിഞ്ഞ 30 മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നേറുന്ന റോബര്‍ട്ടോ മാന്‍സിനിയുടെ ശിഷ്യന്മാരെ പിടിച്ചുകെട്ടാന്‍ എതിരാളികൾ നന്നായി വിയര്‍ക്കേണ്ടിവരും.

ഇറ്റലിക്ക് പിന്നാലെ ഫിഫ റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയവും നോക്ക് ഔട്ട് ഉറപ്പാക്കി. ആറ് പോയിന്‍റുള്ള ബെല്‍ജിയത്തിന് ബി ഗ്രൂപ്പില്‍ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. മധ്യനിരയില്‍ കെവിന്‍ ഡിബ്യുയിന്‍ തിരിച്ചെത്തിയത് ബെല്‍ജിയത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. സി ഗ്രൂപ്പില്‍ പരാജയമറിയാതെ മുന്നേറുന്ന ഓറഞ്ച് പടയാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ മറ്റൊരു ടീം. ഒരു മത്സരം ശേഷിക്കെ ആറ് പോയിന്‍റുള്ള നെതര്‍ലന്‍ഡ് ഇത്തവണ കിരീടപ്പോരില്‍ മുന്നിലാണ്.

Last Updated : Jun 21, 2021, 3:25 PM IST

ABOUT THE AUTHOR

...view details