വെബ്ലി:യൂറോകപ്പില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചരിത്രം തിരുത്തിയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 74ാം മിനുട്ട് വരെ ഗോള്‍രഹിതമായ കളിയിയില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ക്യാപ്റ്റന്‍ ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ഇതോടെ വെബ്ലിയില്‍ കളിച്ച അവസാന ഏഴ് മത്സരങ്ങളിലും ജര്‍മ്മനിയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചരിത്രമാണ് സൗത്ത്‌ഗേറ്റിന്‍റെ സംഘം തിരുത്തിയെഴുതിയത്.
നൂയറും പിക്‌ഫോര്‍ഡും രക്ഷകരാവുന്നു
16ാം മിനുട്ടില്‍ സ്‌റ്റെര്‍ലിങ്ങിന്‍റെ മികച്ച ഗോള്‍ ശ്രമത്തോടെയാണ് മത്സരം ചൂടുപിടിച്ചത്. താരത്തിന്‍റെ എണ്ണം പറഞ്ഞൊരു ഷോട്ട് നീളന്‍ ഡൈവിലൂടെയാണ് ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍ ഗോള്‍ വലയ്ക്ക് പുറത്തെത്തിച്ചത്. 32ാം മിനുട്ടില്‍ ജര്‍മ്മന്‍ സംഘത്തിന് മുന്നിലെത്താന്‍ അവസരം ലഭിച്ചെങ്കിലും ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് വിലങ്ങുതടിയായി.
also read: 'തല ഉയര്‍ത്തിപ്പിടിക്കൂ,പുതിയ യാത്ര തുടങ്ങൂ'; എംബാപ്പെയോട് പെലെ
കായ് ഹാവെര്‍ട്‌സ് നല്‍കിയ ത്രൂബോള്‍ ഓടിയെടുത്ത തിമോ വെര്‍ണറുടെ മികച്ച ഒരു ഷോട്ട് പിക്‌ഫോര്‍ഡ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഇംഗ്ലണ്ടിന് ലീഡ് നല്‍കി സ്‌റ്റെര്‍ലിങ്
ആദ്യ പകുതിയുടെ അവസാന സമയത്ത് ഹാരി കെയ്‌നിന് ലഭിച്ച അവസരവും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഹമ്മല്‍സാണ് കൃത്യമായ ഇടപെടല്‍ നടത്തി അപകടം ഒഴിവാക്കിയത്. ഒടുവില്‍ 75ാം മിനുട്ടിലാണ് സ്‌റ്റെര്‍ലിങ്ങിലൂടെ ഇംഗ്ലണ്ട് കാത്തിരുന്ന ഗോള്‍ പിറന്നത്. സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നും കെയ്ൻ ഗ്രീലിഷും ലൂക്ക് ഷോയും ചേര്‍ന്നുള്ള നീക്കമാണ് ഇംഗ്ലണ്ടിന് ലീഡ് നല്‍കിയത്.
ലക്ഷ്യം കാണാനാവതെ മുള്ളര്‍
അതേസമയം 81ാം മിനുട്ടില്‍ സമയനില പിടിക്കാനുള്ള സുവര്‍ണാവസരം തോമസ് മുള്ളര്‍ക്ക് ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. ഹാവെര്‍ട്‌സിന്‍റെ നീളം പാസില്‍ നിന്ന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ മുള്ളര്‍ ഉതിര്‍ത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി.
ഹാരി കെയ്നിന്‍റെ ആദ്യ ഗോള്‍
86ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോളും പിറന്നു. ലൂക്ക് ഷോയില്‍ നിന്നും പന്ത് ലഭിച്ച ഗ്രീലിഷ് നല്‍കിയ ക്രോസ് ഹാരി കെയ്ന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. യൂറോയിലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ ആദ്യ ഗോള്‍ കൂടിയാണിത്. ജര്‍മ്മനിയുടെ തോല്‍വിയോടെ മരണഗ്രൂപ്പില്‍ നിന്നുമെത്തിയ മൂന്ന് ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. നേരത്തെ പോര്‍ച്ചുഗലും ഫ്രാന്‍സും പുറത്തായിരുന്നു. അതേസമയം ജര്‍മന്‍ കോച്ച് ജ്വോകിം ലോയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്.