ഫുട്‌ബോളില്‍ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നുണ്ടെങ്കിലും റഫറിയുടെ തീരുമാനമാണ് അന്തിമം. പക്ഷേ അങ്ങനെയൊരു തീരുമാനം ഒരു രാജ്യത്തിന്‍റെ കിരീടമോഹങ്ങൾ തല്ലിത്തകർക്കുന്നതായിരുന്നു എന്നാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് പ്രചരിക്കുന്ന വാർത്തകൾ. ഇന്ന് പുലർച്ചെ യൂറോ കപ്പ് സെമിയില്‍ ഡെൻമാർക്ക് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇരു രാജ്യങ്ങളും ചരിത്ര മത്സരത്തിനാണ് സാക്ഷിയായത്.
സ്റ്റെർലിങിന്‍റെ വീഴ്ചയും ഇംഗ്ലണ്ടിന്‍റെ വിജയവും
മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ തുടർന്നതിനെ തുടർന്ന് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. 104-ാം മിനിട്ടില്‍ ഇംഗ്ളീഷ് മുന്നേറ്റം. രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഡാനിഷ് ഗോൾ പോസ്റ്റിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് താരം റഹിം സ്റ്റെർലിങ് വീഴുന്നു. റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി.
റഹിം സ്റ്റെർലിങ് പെനാല്‍റ്റി ബോക്‌സില്‍ വീഴുന്നു വാറിന്‍റെ സഹായത്തിനായി പെനാല്‍റ്റി പരിശോധന നടത്തിയ റഫറി ഡാനി മക്കലെ വീണ്ടും പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ഡാനിഷ് താരങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി റഫറിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കിക്കെടുത്ത ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന്‍റെ വീരനായകനായി.
പക്ഷേ റഹിം സ്റ്റെർലിങിനെ ഡാനിഷ് താരങ്ങൾ ഫൗൾ ചെയ്തില്ലെന്നും ചെറിയൊരു സമ്പർക്കം മാത്രമാണ് ഡാനിഷ് പ്രതിരോധ താരങ്ങളുമായി സ്റ്റെർലിങിന് ഉണ്ടായിരുന്നതെന്നും വാദങ്ങളുണ്ട്. അതൊരു ഫൗൾ ആയിരുന്നില്ലെന്നും പെനാല്‍റ്റി വിധിക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നുമുള്ള വാദ പ്രതിവാദങ്ങൾ ഫുട്‌ബോൾ ലോകത്ത് നടക്കുകയാണ്.
മത്സരത്തിലുടനീളം ഡാനിഷ് പെനാല്‍റ്റി ബോക്‌സില്‍ ഭീഷണിയായ സ്റ്റെർലിങിനും ഇംഗ്ലണ്ടിനും ആ ഫൗൾ ഫൈനലിലേക്കുള്ള വഴിയായിരുന്നു. അതോടൊപ്പം റഹിം സ്റ്റെർലിങ് ഗോൾ മുഖത്തേക്ക് ഓടിക്കയറുമ്പോൾ പെനാല്‍റ്റി ബോക്‌സിനോട് ചേർന്ന് മൈതാനത്ത് രണ്ട് പന്തുകൾ ഉണ്ടായിരുന്നതായും ഇത് താരങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നതായും ചിത്രങ്ങൾ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പെനാല്‍റ്റി ബോക്‌സില്‍ രണ്ട് പന്തുണ്ടെന്ന് തെളിയിക്കുന്ന ചിത്രം
ഷ്‌മൈക്കലിന്‍റെ മുഖത്തേക്ക് ലേസർ
റഹിം സ്റ്റെർലിങിനെ ഫൗൾ ചെയ്തിട്ടില്ലെന്ന ഡെൻമാർക്ക് താരങ്ങളുടെ വാദങ്ങൾ നിരസിച്ച റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ഹാരി കെയ്‌ൻ കിക്കെടുക്കാൻ വരുമ്പോൾ ഡാനിഷ് ഗോളി കാസ്‌പെർ ഷ്‌മൈക്കല്‍ ഭാവഭേദമില്ലാതെ ഗോൾ പോസ്റ്റിന് മുന്നിലുണ്ട്. കെയ്‌ൻ ആദ്യമെടുത്ത കിക്ക് ഷ്‌മൈക്കല്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത കെയ്‌ൻ അത് ഗോളാക്കി, ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ഗോളിയുടെ മുഖത്തേക്ക് ലേസർ
പക്ഷേ മത്സര ശേഷം വന്ന ദൃശ്യങ്ങളില്‍ ഗോൾ വലകാക്കുന്ന ഷ്‌മൈക്കലിന്‍റെ മുഖത്തേക്ക് ഇംഗ്ലീഷ് ആരാധകർ ലേസർ പ്രയോഗിക്കുന്നതായി കാണാം. ലേസർ കൃത്യമായി മുഖത്തും കണ്ണിലും പതിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലേസർ പ്രയോഗത്തില്‍ യുവേഫ നടപടി ആരംഭിച്ചിട്ടുണ്ട്. ആരാധകർക്ക് എതിരെ മാത്രമല്ല, ഇംഗ്ലീഷ് ടീമിന് എതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിനെ ട്രോളി ഇറ്റാലിയൻ മാധ്യമങ്ങളും
തിങ്കളാഴ്‌ച നടക്കുന്ന യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. ഡെൻമാർക്കിന് എതിരായ ഇംഗ്ലണ്ടിന്‍റെ മത്സര വിജയം അത്ര മികച്ചതല്ലെന്ന രീതിയിലാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റിയെ ട്രോളിയാണ് മിക്ക ഇറ്റാലിയൻ മാധ്യമങ്ങളുടേയും റിപ്പോർട്ട്.