സെന്‍റ്പീറ്റേഴ്‌സ്ബര്‍ഗ്:യൂറോ കപ്പിലെ ഗ്രൂപ്പ് ബിയില്‍ ഇന്ന് അവസാന ഘട്ട മത്സരങ്ങള്‍. ടേബിള്‍ ടോപ്പേഴ്‌സായ ബെല്‍ജിയം സെന്‍റ് പീറ്റേഴ്സ്ബർഗിൽ ഫിൻലാൻഡിനെ നേരിടുമ്പോള്‍ റഷ്യ കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തില്‍ ഡെൻമാർക്കിനെതിരെയും കളിക്കും. ചെവ്വാഴ്ച പുലർച്ചെ 12:30 നാണ് മത്സരം.
ആറ് പോയിന്‍റുള്ള ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു. ഫിൻലൻഡിനെതിരെ സമനില നേടിയാലും ടേബിള്‍ ടോപ്പര്‍ സ്ഥാനം ഉറപ്പാക്കാന്‍ അവര്‍ക്കാകും. സമനില പിടിച്ചാല്‍ ഫിൻലാൻഡിന്‍റെ നോക്കൗട്ട് സാധ്യതകളും സജീവമാകും. ആദ്യ മത്സരത്തിൽ ഡെൻമാർക്കിനെ തോൽപ്പിച്ച ഫിൻലാൻഡ് പക്ഷെ കഴിഞ്ഞ മത്സരത്തിൽ റഷ്യയോട് തോറ്റിരുന്നു. കെവിൻ ഡിബ്രുയിൻ തിരിച്ചെത്തിയത് ബെൽജിയത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം കണക്കിലെ കളികളില്‍ ഫിന്‍ലന്‍ഡിനാണ് സാധ്യത കൂടുതല്‍. അവസാനത്തെ 11 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ഫിന്‍ലന്‍ഡും മൂന്നെണ്ണത്തില്‍ ബെല്‍ജിയവും വിജയിച്ചു. നാല് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.