ലണ്ടന്‍: ഫുട്‌ബോള്‍ താരങ്ങളൊക്കെയാണെങ്കിലും മാസ്‌ക് വെച്ചില്ലെങ്കില്‍ ചിലപ്പോ പണികിട്ടും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി തുടരുന്ന യൂറോ കപ്പില്‍ താരങ്ങള്‍ മാസ്‌ക് വെച്ചില്ലെങ്കില്‍ ഒഫീഷ്യല്‍സ് എത്തും. അവര്‍ ഇടപെടും. ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും തമ്മില്‍ വിംബ്ലിയില്‍ നടന്ന മത്സരത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. വിംബ്ലിയിലെ ഗ്രൂപ്പ് ഡി മത്സരത്തിന് ശേഷം താരങ്ങള്‍ മാസ്‌ക് ധരിക്കാതെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടപെടലുണ്ടായി. ഒഫീഷ്യല്‍സ് എത്തി താരങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്‌തു.
ഇംഗ്ലണ്ടിന്‍റെ ഡിഫന്‍സീഫ് മിഡ്‌ഫീല്‍ഡര്‍ ഡിക്ലാന്‍ റൈസും ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് സോക്കും, വ്ലാഡിമിര്‍ കോഫാളും തമ്മിലുള്ള കുശലം ചോദിക്കലാണ് ഒഫീഷ്യല്‍സിന്‍റ ഇടപെടലില്‍ കലാശിച്ചത്. മഹാമാരിയെ പ്രതിരോധിക്കാനുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുകയാണ് യൂറോ കപ്പ് ഒഫീഷ്യല്‍സ്. സമ്പര്‍ക്കമുണ്ടായതായി സംശയിച്ച് ഇംഗ്ലണ്ടിന്‍റെ ബെന്‍ ചില്‍വെല്ലും മേസണ്‍ മൗണ്ടും സ്വയം ഐസൊലേഷനില്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ അപായ സാധ്യതകളെല്ലാം ഒഴിവാക്കാനാണ് നീക്കം. കൊവിഡ് സ്ഥിരീകരിച്ച സ്‌കോട്ടിഷ് താരം ബില്ലി ജില്‍മോറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇരുവരോടും സ്വയം ഐസൊലേഷനില്‍ പോവാന്‍ ആവശ്യപെട്ടത്.