റൊമാനിയ :യൂറോ കപ്പിൽ നോർത്ത് മാസിഡോണിയക്കെതിരെ ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. ഓസ്ട്രിയയുടെ രണ്ട് പകരക്കാരാണ് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
ഓസ്ട്രിയയ്ക്ക് വിജയത്തുടക്കം ഓസ്ട്രിയയുടെ ആദ്യ ഗോൾ 18-ാം മിനിട്ടില്‍ പിറന്നു. സ്റ്റെഫാൻ ലെയ്‌നറുടെ വകയായിരുന്നു പ്രഥമ ഗോൾ. ഇടതുവിങ്ങിലുണ്ടായിരുന്ന മാർസെൽ സാബിറ്റ്‌സറുടെ ഡയഗണൽ പാസ് കിട്ടിയ സ്റ്റെഫാൻ ലെയ്‌നർ മനോഹരമായ ഫ്ലിക്കിലുടെ പന്ത് നോർത്ത് മാസിഡോണിയയുടെ വലയിലെത്തിച്ചു.
സ്റ്റെഫാൻ ലെയ്‌നറുടെ വകയായിരുന്നു ആദ്യ ഗോൾ മാസിഡോണിയൻ മറുപടി
10 മിനിട്ടിനകം നോർത്ത് മാസിഡോണിയ മറുപടി നൽകി. 28-ാം മിനിറ്റിൽ ഗോരൺ പാണ്ടെവാണ് ഓസ്ട്രിയയെ ഞെട്ടിച്ചത്. ഗോൾകീപ്പർ ഡാനിയൽ ബാക്ക്മെനെ കബളിപ്പിച്ച പാണ്ടെവിന്‍റെ ഗോൾ നോർത്ത് മാസിഡോണിയയെ ഓസ്ട്രിയയ്ക്ക് ഒപ്പമെത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നത് വരെയും ഓസ്ട്രിയയെ പിടിച്ചുനിർത്താൻ നോർത്ത് മാസിഡോണിയയ്ക്കായി. രണ്ടാം പകുതി തുടങ്ങിയപ്പോഴും മാസിഡോണിയ ഓസ്ട്രിയയ്ക്ക് ശക്തമായ പ്രതിരോധം തീർത്തു. അതിനിടെ മൈക്കല്‍ ഗ്രിഗോറിച്ചിനെ 58-ാം മിനിറ്റിലും, 59-ാം മിനിറ്റിൽ മാർക്കോ അർനറ്റോവിക്കിനെയും ഓസ്ട്രിയ ഇറക്കി.
ഓസ്‌ട്രിയൻ ആധിപത്യം
ഡേവിഡ് ആലബ നൽകിയ ക്രോസ് മൈക്കല്‍ ഗ്രിഗോറിച്ച് ഗോളാക്കിയതോടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. തിരിച്ചു വരവിന് മാസിഡോണിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 88-ാം മിനിട്ടില്‍ മാർക്കോ അർനറ്റോവിക്ക് കൂടി ഗോള്‍ തൊടുത്തതോടെ ഓസ്ട്രിയ ജയം ഉറപ്പിച്ചു.
യൂറോ കപ്പില്‍ ഓസ്ട്രിയയുടെ ആദ്യ വിജയമാണിത്. അതേസമയം നോർത്ത് മാസിഡോണിയുടെ ആദ്യ യുറോ കപ്പ് മത്സരവും. നവാഗതരായതിന്‍റെ യാതൊരു സങ്കോചവും നോർത്ത് മാസിഡോണിയയ്ക്കുണ്ടായിരുന്നില്ല. താരതമ്യേന തങ്ങളേക്കാൾ ശക്തരായിരുന്ന ഓസ്ട്രിയയ്ക്ക് മേല്‍ സമ്മർദമേല്‍പ്പിക്കുന്ന പ്രകടനമാണ് നോർത്ത് മാസിഡോണിയ പുറത്തെടുത്തത്.