മാഞ്ചസ്റ്റര്‍: ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചുകന്ന ചെകുത്താന്‍മാര്‍ പരാജയപ്പെടുത്തി. 21 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയ സിറ്റിക്ക് ഹോം ഗ്രൗണ്ടില്‍ നടന്ന ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ അടിതെറ്റി. കിക്കോഫായി മുപ്പത്തിയാറാം സെക്കന്‍ഡില്‍ ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസ് വരുത്തിയ പിഴവാണ് സിറ്റിക്ക് വിനയായത്. യുണൈറ്റഡിന്‍റെ ഇംഗ്ലീഷ് ഫോര്‍വേഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ ബോക്‌സിനുള്ളില്‍ വെച്ച് ജസൂസ് മാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനൊടുവില്‍ ഫൗളാവുകയായിരുന്നു. പിന്നാലെ റഫറി വിധിച്ച പെനാല്‍ട്ടിയിലൂടെ രണ്ടാം മിനിട്ടില്‍ മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് വലയിലെത്തിച്ചു. ഗോളി ഡിമോറസിനെ മറികടന്ന് പന്ത് ഗോള്‍ പോസ്റ്റിന്‍റെ താഴെ ഇടത് മൂലയില്‍ ചെന്ന് പതിച്ചു.
രണ്ടാം പകുതിയിലാണ് സോള്‍ഷെയറുടെ ശിഷ്യന്‍മാരുടെ അടുത്ത ഗോള്‍. ഇത്തവണ റാഷ്‌ഫോര്‍ഡിന്‍റെ അസിസ്റ്റില്‍ ലൂക്ക് ഷോയാണ് വല കുലുക്കിയത്. ബോക്‌സിന് മുന്നില്‍ ലഭിച്ച പന്ത് ലൂക്ക് ഷോ വിദഗ്‌ധമായി വലയിലെത്തിച്ചു.