ബാഴ്‌സലോണ: യൂറോപ്യന്‍ സൂപ്പർ ലീഗു(ഇ.എസ്.എല്‍)മായി ബന്ധപ്പെട്ട് മാപ്പു പറയില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട. ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്കിയാൽ യുവേഫയ്‌ക്കെതിരെ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്നും ലപ്പോർട വ്യക്തമാക്കി.
'യൂറോപ്യന്‍ ലീഗുമായി ബന്ധപ്പെട്ട് മാപ്പ് പറയാനോ പിഴ അടയ്‌ക്കാനോ ബാഴ്‌സലോണ തയ്യാറാവില്ലെന്ന് യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫെറിയോട് പറഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബിന്‍റെ താൽപര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും' ലപ്പോർട വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
read more:ഇ.എസ്.എല്‍: മൂന്ന് ക്ലബ്ബുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ
അതേസമം സൂപ്പർ ലീഗില്‍ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്‍റസ് എന്നീ ക്ലബ്ബുകളുടെ പങ്കാളിത്തത്തെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി യുവേഫ നേരത്തെ അറിയിച്ചിരുന്നു. അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 31 (4) അനുസരിച്ചാണ് നടപടിയെന്നും യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
സൂപ്പർ ലീഗ് സ്ഥാപകരായ 12 ക്ലബ്ബുകളിൽ ഒമ്പത് എണ്ണം നേരത്തെ തന്നെ പിന്‍വാങ്ങുകയും യുവേഫയോടുള്ള പ്രതിബന്ധത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണക്ക് പുറമെ യുവന്‍റസ് , റയല്‍ മാഡ്രിഡ്, എന്നിവര്‍ മാത്രമാണ് നിലവില്‍ ശേഷിക്കുന്നത്.