ലണ്ടന്‍: മഹാമാരിയെ അതിജീവിക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ പുതുക്കിയ ഫിക്‌സ്‌ചർ പുറത്തിറക്കി. ഇപിഎല്ലില്‍ ജൂണ്‍ 17-ാം തീയതി മുതല്‍ വീണ്ടും പന്ത് തട്ടാന്‍ തുടങ്ങും.
അതിജീവന കാലത്തെ ഫിക്‌സ്‌ചർ പുറത്തിറക്കി ഇപിഎല്‍
കൊവിഡ് 19 മഹാമാരിയുടെ കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ഫിക്‌സ്‌ചർ പുറത്തിറക്കി
പുനരാരംഭിക്കുന്ന ലീഗില്‍ ആസ്റ്റണ്‍ വില്ലയും ഷെന്‍ഫീല്‍ഡും തമ്മിലാണ് ആദ്യ മത്സരം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെ നേരിടും. ജൂലൈ മൂന്നാം തീയതി വരെയുള്ള ഫിക്‌സ്‌ചറാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് നടക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ലിവർപൂളിനെ നേരിടും.
25 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ പട്ടികയില്‍ 82 പോയിന്‍റോടെ ഒന്നാമതുള്ള ലിവർപൂളിന് രണ്ട് ജയങ്ങൾ കൂടി സ്വന്തമാക്കിയാല്‍ ഇപിഎല്‍ കിരീടം സ്വന്തമാക്കാം. പുതുക്കിയ ഫിക്‌സ്‌ചർ പ്രകാരം ലിവർപൂൾ 21-ാം തീയതി എവർട്ടണിനെയും 25-ാം തീയതി ക്രിസ്റ്റല്‍ പാലസിനെയും നേരിടും. പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയിന്‍റെ ഉള്ളൂ. മൂന്നാം സ്ഥാനത്ത് 53 പോയിന്‍റുമായി ലസ്റ്റർ സിറ്റയും നാലാം സ്ഥാനത്ത് 48 പോയിന്‍റുമായി ചെല്‍സിയുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എല്ലാ മത്സരങ്ങളും കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലാകും നടത്തുക.