കേരളം

kerala

ETV Bharat / sports

പ്രീമിയർ ലീഗിൽ സതാംപ്ടണെ തകർത്ത് യുണൈറ്റഡ് നാലാം സ്ഥാനത്ത് - ഓള്‍ഡ് ട്രാഫോഡ്

88-ാം മിനിറ്റിലെ ലുക്കാക്കുവിന്‍റെ ഗോളാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്. തുടർച്ചയായ 15-ാം മത്സരത്തിലും സോൾഷ്യറിന്‍റെ കീഴിൽ പരാജയമറിയാതെ കുതിക്കുകയാണ് യുണൈറ്റഡ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

By

Published : Mar 3, 2019, 2:34 PM IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ സതാംപ്ടണെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആവേശ ജയം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തിന്‍റെ അവസാന മിനിറ്റിലാണ് യുണൈറ്റഡ് ജയം സ്വന്തമാക്കിയത്.

റൊമേലു ലുക്കാക്കുവിന്‍റെ ഇരട്ട ഗോൾ മികവിൽ സതാംപ്ടണെ 3-2 നാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 26-ാം മിനിറ്റില്‍ വലേറിയിലൂടെ സതാംപ്ടണാണ് ആദ്യം മുന്നിലെത്തിയത്. ഒരു ഗോളിന്‍റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച സതാംപ്ടണ് രണ്ടാം പകുതിയിൽ യുണൈറ്റഡിന്‍റെ പോരാട്ട വീര്യത്തിനു മുന്നിൽ കീഴടങ്ങാതിരിക്കാൻ സാധിച്ചില്ല.

53-ാം മിനിറ്റിൽ ആൻഡ്രിയസ് പെരൈരയുടെ തകർപ്പൻ ഗോളിൽ സമനില പിടിച്ചു. ആറ് മിനിറ്റിനുള്ളിൽ ലുക്കാക്കുവിലൂടെ യുണൈറ്റഡ് മുന്നിലെത്തുകയും ചെയ്തു. എന്നാൽ 75-ാം മിനിറ്റില്‍ വാര്‍ഡ് പ്രോസിന്‍റെ ഫ്രീ കിക്ക് ഗോളിലൂടെ സതാംപ്ടണ്‍ വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയെങ്കിലും തുടരെ ആക്രമിച്ച് കളിച്ച യുണൈറ്റഡിന് 88-ാം മിനിറ്റിൽ ലുക്കാക്കു രക്ഷകനാവുകയായിരുന്നു. ഇഞ്ചുറി ടൈമിൽ റാഷ്ഫോർഡിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി പോഗ്ബ നഷ്ടപ്പെടത്തിയില്ലായിരുന്നെങ്കിൽ 4-2 ന് ചുവന്ന ചെകുത്താന്മാർക്ക് ജയിക്കാമായിരുന്നു. ഇന്നലത്തെ ജയത്തോടെ ആഴ്സണലിനെ മറികടന്ന് നാലാം സ്ഥാനത്തെത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി.

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ലണ്ടൻ ഡെർബിയിൽ ടോട്ടനവും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റര്‍ സിറ്റി 1-0 ന് ബോൺമൗത്തിനെ കീഴടക്കിയപ്പോള്‍, വെസ്റ്റ് ഹാം യുണൈറ്റഡ് 2-0 ന് ന്യൂകാസില്‍ യുണൈറ്റഡിനെയും, ക്രിസ്റ്റല്‍ പാലസ് 3-1ന് ബേണ്‍ലിയേയും പരാജയപ്പെടുത്തി.

ABOUT THE AUTHOR

...view details