മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേട്ടവുമായി തിളങ്ങിയ മത്സരത്തിൽ ആഴ്‌സനലിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ വിജയം. ഇരട്ട ഗോൾ നേട്ടത്തോടെ കരിയറിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.
13-ാം മിനിട്ടിൽ എമിലി സ്മിത്ത് റോവെയിലൂടെ ആഴ്‌സനലാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 44-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ റൊണാൾഡോയിലൂടെ യുണൈറ്റഡ് ലീഡ് നേടി. എന്നാൽ മാർട്ടിൻ ഒഡോഗാർഡ് ഗോൾ നേടി ആഴ്‌സനലിനെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ 82-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ രണ്ടാേം ഗോളും വിജയവും സ്വന്തമാക്കി.