ലിവര്‍പൂള്‍:ഹോം ഗ്രൗണ്ടില്‍ ജയം തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍. പുലര്‍ച്ചെ ലെസ്റ്റര്‍ സിറ്റിക്ക് എതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആന്‍ഫീല്‍ഡില്‍ ചെമ്പട ജയം സ്വന്തമാക്കിയത്.
ആദ്യ പകുതിയിലെ 41ാം മിനിട്ടില്‍ ഡിയാഗോ ജോട്ടയും നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാകാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കെ റോബെര്‍ട്ടോ ഫെര്‍മിനോയും ലിവര്‍പൂളിന് വേണ്ടി വല ചലിപ്പിച്ചു. 21ാം മിനിട്ടില്‍ ജോണി ഇവാന്‍സ് ഒരു ഗോള്‍ ദാനമായി നല്‍കി.
പ്രീമിയര്‍ ലീഗില്‍ ഇതോടെ ഹോം ഗ്രൗണ്ടില്‍ തോല്‍വി അറിയാതെ 64 മത്സരങ്ങള്‍ ജയിക്കുന്ന ടീമെന്ന റെക്കോഡും യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ സ്വന്തമാക്കി. 53 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ 11 എണ്ണത്തില്‍ സമനില വഴങ്ങി. 2017ല്‍ ക്രിസ്റ്റല്‍ പാലസിന് എതിരായ മത്സരത്തിലാണ് ലിവര്‍പൂള്‍ അവസാനമായി പരാജയപ്പെട്ടത്.
പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ വിജയിച്ചതിന്‍റെ റെക്കോഡ് ചെല്‍സിയുടെ പേരിലാണ്. 86 മത്സരങ്ങളാണ് ഇത്തരത്തതില്‍ ചെല്‍സി വിജയിച്ചത്. ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത മത്സരത്തില്‍ ബ്രൈറ്റണെ നേരിടും. ഈ മാസം 28ന് രാത്രി 11 മണിക്കാണ് പോരാട്ടം.