ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിങ് ഡേ പോരാട്ടത്തില്‍ ആഴ്‌സണലും ചെല്‍സിയും നേര്‍ക്കുനേര്‍ വരും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കിയ നീലപ്പട കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ആഴ്‌സണലിന്‍റെ ആയുധപ്പുരയിലേക്കെത്തുന്നത്.
രാത്രി 11 മണിക്കാണ് ഇരു ടീമകളും തമ്മിലുള്ള പോരാട്ടം. മറുഭാഗത്ത് സീസണില്‍ മോശം തുടക്കം ലഭിച്ചതിന്‍റെ ക്ഷീണത്തിലാണ് മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍. 14 മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമുള്ള ആഴ്‌സണല്‍ പോയിന്‍റ് പട്ടികയില്‍ 15ാം സ്ഥാനത്താണ്. മറുഭാഗത്ത് 14 മത്സരങ്ങളില്‍ നിന്നും ഏഴ് ജയങ്ങളുമായി ചെല്‍സി അഞ്ചാം സ്ഥാനത്തും.
ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ എവര്‍ടണോട് പരാജയപ്പെട്ട ഗണ്ണേഴ്‌സ് ഇത്തവണ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. നവംബര്‍ ഒന്നിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ശേഷം ആഴ്‌സണലിന് തുടര്‍ച്ചയായ ഏഴ് മത്സരങ്ങളില്‍ ജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടാതെ നായകന്‍ ഒബുമയാങ് പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തുന്ന കാര്യം സംശയമാണ്. പരിക്കിനെ തുടര്‍ന്ന് ഒബുമയാങിന് നേരത്തെ ലീഗിലെ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു.