മാഞ്ചസ്റ്റര്‍:ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ ഇംഗ്ലീഷ് ഫോര്‍വേഡ് ജാഡന്‍ സാഞ്ചോ ഓള്‍ഡ് ട്രാഫോഡില്‍. 73 മില്യണ്‍ പൗണ്ടിനാണ് സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. നേരത്തെ ഇതു സംബന്ധിച്ച സൂചന ജര്‍മന്‍ കരുത്തരായ ഡോര്‍ട്ട്‌മുണ്ട് നല്‍കിയെങ്കിലും കൈമാറ്റം സ്ഥിരീകരിച്ചത് യുണൈറ്റഡാണ്.
വലവിരിച്ച് യുണൈറ്റഡ് കാത്തിരുന്നു
കഴിഞ്ഞ രണ്ട് സീസണായി റൈറ്റ് വിങ്ങറായ സാഞ്ചോക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വല വിരിച്ചിട്ട്. ഡോര്‍ട്ട്‌മുണ്ടിനായി 137 മത്സരങ്ങളില്‍ നിന്നും 50 ഗോളുകള്‍ അടിച്ച് കൂട്ടിയ സാഞ്ചോ ജര്‍മന്‍ കപ്പും ജര്‍മന്‍ സൂപ്പര്‍ കപ്പും ക്ലബിന്‍റെ ഷെല്‍ഫിലെത്തിച്ചു. 2019-20 സീസണില്‍ സൂപ്പര്‍ കപ്പും 2020-21 സീസണില്‍ ജര്‍മന്‍ കപ്പും സാഞ്ചോ സ്വന്തമാക്കി.
നാല് വര്‍ഷമായി ജര്‍മന്‍ മണ്ണില്‍ തുടര്‍ന്ന ശേഷമാണ് 21 വയസുള്ള സാഞ്ചോ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരുന്നത്. താരവുമായി എത്ര വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയതെന്ന് യുണൈറ്റഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പാളയത്തില്‍ എത്തിയ സാഞ്ചോയെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് സ്വാഗതം ചെയ്‌തു. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും യൂറോ കപ്പിന്‍റെ ഭാഗമാണ്.