കേരളം

kerala

ETV Bharat / sports

കവാനി കരാര്‍ പുതുക്കണമെന്ന് സോള്‍ഷെയര്‍; യുണൈറ്റഡിലെ ഏഴാം നമ്പര്‍ ഇനി എത്രനാള്‍! - cavani and solskjaer news

പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പറില്‍ എത്തിയവര്‍ക്ക് ആര്‍ക്കും മികച്ച ഫോം കണ്ടെത്താനായിട്ടില്ല

കവാനിയും സോള്‍ഷെയറും വാര്‍ത്ത  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അപ്പ്‌ഡേറ്റ്  cavani and solskjaer news  manchester united update
കവാനി

By

Published : May 1, 2021, 1:21 PM IST

മാഞ്ചസ്റ്റര്‍: ഒരു ഇടവേളക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പറില്‍ ജേഴ്‌സിയില്‍ കളം നിറഞ്ഞ എഡിസണ്‍ കവാനി ഓള്‍ഡ് ട്രാഫോഡില്‍ തുടര്‍ന്നേക്കും. കവാനിയുടെ പ്രകടനത്തില്‍ തൃപ്‌തനാണെന്ന് കഴിഞ്ഞ ദിവസം യുണൈറ്റഡ് പരിശീലകന്‍ ഒലേ ഗണ്ണന്‍ സോള്‍ഷെയര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കവാനി യുണൈറ്റഡില്‍ തുടര്‍ന്നേക്കുമെന്ന സൂചന അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന യൂറോപ്പ ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കപ്പുയര്‍ത്തുകയാണെങ്കില്‍ കവാനി തുടരാനുള്ള സാധ്യത സജീവമാകും.

എഡിസണ്‍ കവാനി യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍(ഫയല്‍ ചിത്രം).

കഴിഞ്ഞ ഒക്‌ടോബറില്‍ ഒരു വര്‍ഷത്തേക്ക് പിഎസ്‌ജിയില്‍ നിന്നുമാണ് കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. 12 മാസത്തേക്ക് കൂടി യുണൈറ്റഡില്‍ തുടരാനുള്ള ഉപാധി യുറുഗ്വന്‍ സ്‌ട്രൈക്കര്‍ ഒപ്പിട്ട കരാറിലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കവാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതേവരെ തയാറായിട്ടില്ല.

എഡിസണ്‍ കവാനിയും മേസണ്‍ ഗ്രീന്‍വുഡും(ഫയല്‍ ചിത്രം).

സീസണ്‍ അന്ത്യത്തില്‍ കവാനി പുറത്തെടുത്ത തകര്‍പ്പന്‍ ഫോമില്‍ യുണൈറ്റഡ് പരിശീലകന്‍ ഓലേ ഗണ്ണന്‍ സോള്‍ഷയര്‍ സംതൃപ്‌തനാണ്. ഇറ്റാലിയന്‍ കരുത്തരായ റോമക്കെതിരായ മത്സരത്തില്‍ കവാനി ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു. യൂറോപ്പ ലീഗിന്‍റെ ആദ്യപാദ സെമി ഫൈനലിലായിരുന്നു കവാനി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് റോമയെ പരാജയപ്പെടുത്തിയ യുണൈറ്റഡ് ഇതിനകം കലാശപ്പോര് ഉറപ്പിച്ചമട്ടാണ്. രണ്ടാം പാദത്തില്‍ ഇതിലും വലിയ മാര്‍ജിനില്‍ ജയിച്ചാലെ റോമയുടെ ഫൈനല്‍ പ്രവേശത്തിന് സാധ്യത തെളിയൂ.

എഡിസണ്‍ കവാനി പോള്‍ പോഗ്‌ബക്കൊപ്പം ഗോള്‍ ആഘോഷിക്കുന്നു(ഫയല്‍ ചിത്രം).

ഒമ്പത് താരങ്ങളാണ് 1993ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒഫീഷ്യല്‍ സ്‌ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞത്. ഡേവിഡ് ബെക്കാമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങളായിരുന്നു ഏഴാം നമ്പറിന്‍റെ പ്രത്യേകത. എന്നാല്‍ റൊണാള്‍ഡോക്ക് ശേഷം ഏഴാം നമ്പറില്‍ എത്തിയ ആര്‍ക്കും തന്നെ ഫോം കണ്ടെത്താനായിട്ടില്ല. പുതുതായി ജേഴ്‌സിയുടെ അവകാശിയായ കവാനി എത്രകാലം ഏഴാം നമ്പറില്‍ തുടരുമെന്നറിയാനുള്ള ആകാംക്ഷയാണ് ഇപ്പോള്‍ ഓള്‍ഡ് ട്രാഫോഡിന് പുറത്തെ ആരാധകര്‍ക്കിടയില്‍ നിന്നും ഉയരുന്നത്.

ABOUT THE AUTHOR

...view details