ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അട്ടിമറി ജയവുമായി ബ്രൈറ്റണ്‍. ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ഡാന്‍ ബേണിന്‍റെ ഗോളിലൂടെയാണ് ലീഗ് ജേതാക്കളെ തറപറ്റിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം സിറ്റിക്കെതിരെ ബ്രൈറ്റണ്‍ ജയം സ്വന്തമാക്കുന്നത്. 1989ലായിരുന്നു ബ്രൈറ്റണ്‍ അവസാനമായി സിറ്റിയെ പരാജയപ്പെടുത്തിയത്.
7,500 ഓളം കാല്‍പന്താരാധകരെ സാക്ഷിയാക്കി നടന്ന ആവേശപ്പോരാട്ടം കിക്കോഫായി രണ്ടാം മിനിട്ടില്‍ ഗുണ്ടോഗനിലൂടെ ഗോള്‍ സ്വന്തമാക്കി ബ്രൈറ്റണെ സിറ്റി ഞെട്ടിച്ചു. സീസണിലെ പതിനേഴാം പ്രീമിയര്‍ ലീഗ് ഗോളാണ് ഗുണ്ടോഗന്‍ വലയിലെത്തിച്ചത്. എന്നാല്‍ പത്താം മിനിട്ടില്‍ സിറ്റിക്ക് ചുവപ്പ് കാര്‍ഡിലൂടെ തിരിച്ചടി കിട്ടി. കാന്‍സെലോ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതോടെ 10 േപരുമായാണ് സിറ്റി മത്സരം പൂര്‍ത്തിയാക്കിയത്.
പന്തുമായി മുന്നേറിയ ബ്രൈറ്റണ്‍ മിഡ്‌ഫീല്‍ഡര്‍ ബിസോമയെ ബോക്‌സിന് മുന്നില്‍ വെച്ച് ഫൗള്‍ ചെയ്‌തതിനാണ് കാന്‍സെല്ലോക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ചുവപ്പ് കാര്‍ഡ് കിട്ടിയ കാന്‍സല്ലോക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ ഉള്‍പ്പെടെ സറ്റിക്ക് വേണ്ടി ബൂട്ട് കെട്ടാന്‍ സാധിക്കില്ല. മിഡ്‌ഫീല്‍ഡില്‍ കാന്‍സെല്ലോയുടെ അസാന്നിധ്യം സിറ്റിക്ക് വരും മത്സരങ്ങളില്‍ തിരിച്ചടിയാകും.