ലണ്ടന്‍: സാമൂഹ്യമാധ്യമങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. കളിക്കാരെ നിരന്തരം വംശീയമായി അധിക്ഷേപിക്കുന്നതിനെ തുടര്‍ന്നാണ് നീക്കം. മുന്‍ നിര താരങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ക്ക് ഇരകളാകുന്നതിനാല്‍ പ്രീമിയര്‍ ലീഗ് അടുത്ത മാസം സോഷ്യല്‍ മീഡിയ ബഹിഷ്‌കരിക്കും.
അടുത്ത മാസം ഒന്ന് മുതല്‍ നാല് വരെ മൂന്ന് ദിവസമാകും ആദ്യഘട്ടത്തില്‍ ബഹിഷ്കരണം. ഇതിനായി പ്രീമിയര്‍ ലീഗ് ആരാധകരുടെ പിന്തുണ തേടാനാണ് നീക്കം നടക്കുന്നത്. നേരത്തെ സമാന സാഹചര്യത്തില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ റേഞ്ചേഴ്‌സ് ഇത്തരത്തില്‍ ഒരാഴ്‌ചക്കാലം സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.
കൂടുതല്‍ വായനക്ക്: ബാഴ്‌സയല്ലാതെ മറ്റാര്, സ്‌പാനിഷ് കിംഗ്‌സ് കിരീടം നേടിയത് അത്‌ലറ്റിക് ബിൽബാവോയെ തോല്‍പ്പിച്ച്
ആസ്റ്റണ്‍ വില്ലയുടെ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ടിറോണ്‍ മിങ്‌സ് സാമൂഹ്യമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. ഇതാണ് ഏറ്റവും അവസാനത്തെ സംഭവം. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടോട്ടന്‍ഹാമിന്‍റെ ദക്ഷിണ കൊറിയന്‍ ഫോര്‍വേഡ് സണ്‍ഹ്യൂമിനും വംശീയാധിക്ഷേപം നേരിട്ടിരുന്നു. ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണ്‍, ട്രെന്‍ഡ് അലക്‌സാണ്ടര്‍, നാബി കെയ്‌റ്റ, സാദിയോ മാനെ എന്നിവരും സമാന രീതിയിലുള്ള ദുരനുഭവം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ പ്രതിധേഷ സൂചകമായി ബഹിഷ്‌കരണത്തിന് ഒരുങ്ങുന്നത്.