ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി ലിവര്‍പൂള്‍. ഇന്ന് പുലര്‍ച്ചെ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വല നിറച്ചതോടെയാണ് ലിവര്‍പൂള്‍ നില മെച്ചപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്മാരുടെ ജയം. ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ആന്‍ഫീല്‍ഡിലെ കരുത്തര്‍. 35 മത്സരങ്ങളില്‍ നിന്നും 17 ജയം ഉള്‍പ്പെടെ 60 പോയിന്‍റാണ് ലിവര്‍പൂളിനുള്ളത്.
യുണൈറ്റഡിനെ മുട്ടുകുത്തിച്ചു; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി ലിവര്‍പൂള്‍ - പ്രീമിയര്‍ ലീഗ് അപ്പ്‌ഡേറ്റ്
35 മത്സരങ്ങളില്‍ നിന്നും 17 ജയം ഉള്‍പ്പെടെ 60 പോയിന്‍റാണ് ലിവര്‍പൂളിനുള്ളത്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടണമെങ്കില്‍ ലിവര്‍പൂളിന് സീസണില്‍ ശേഷിക്കുന്ന മൂന്ന് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ കൂടി ജയം തുടരേണ്ടതുണ്ട്.
ലിവര്‍പൂളിനായി റോബര്‍ട്ടോ ഫെര്‍മിനോ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ ഡിയാഗോ ജോട്ടയും മുഹമ്മദ് സലയും ഗോള്‍ കണ്ടെത്തി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. കിക്കോഫിന് ശേഷം 10ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി വല കുലുക്കി. രണ്ടാം പകുതിയിലായിരുന്നു സോള്‍ഷെയറുടെ ശിഷ്യന്മാര്‍ രണ്ടാമത്തെ ഗോള്‍ കണ്ടെത്തിയത്. ഇത്തവണ എഡിസണ്‍ കവാനിയുടെ അസിസ്റ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡിനായി ഗോള്‍ കണ്ടെത്തിയത്.
ലീഗിലെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ യുണൈറ്റഡ് 70 പോയിന്‍റുമായി പട്ടികയില്‍ രണ്ടാമതാണ്. 36 മത്സരങ്ങളില്‍ നിന്നും 20 ജയവും ആറ് സമനിലയുമാണ് യുണൈറ്റഡിന്‍റെ പേരിലുള്ളത്.