ലണ്ടന്‍: ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന പ്രീമിയര്‍ ലീഗില്‍ എവര്‍ടണിന് മുന്നില്‍ സമനില വഴങ്ങി ടോട്ടന്‍ഹാം. ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന്‍റെ ഇരട്ട ഗോളുകള്‍ പോലും ടോട്ടന്‍ഹാമിന് രക്ഷയായില്ല. ഐറിഷ് വിങ്ങര്‍ ഗില്‍ഫി സിഗോഴ്‌സണിന്‍റെ ഇരട്ട ഗോളുകളിലൂടെയാണ് എവര്‍ടണ്‍ സമനില പിടിച്ചത്. മത്സരത്തിന്‍റെ അധികമസമയത്ത് ഹാരി കെയിന് പരിക്കേറ്റത് ടോട്ടന്‍ഹാമിന് തിരിച്ചടിയായി. പരിക്കേറ്റ് പുറത്തായ ഹാരി കെയിന് പകരം ഡിലെ അലിയാണ് ടോട്ടന്‍ഹാമിന് വേണ്ടി കളിച്ചത്. പരിക്കിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പരിശീലകന്‍ മൗറിന്യോ ഉള്‍പ്പെടെ ടോട്ടന്‍ഹാം അധികൃതര്‍ തയ്യാറായിട്ടില്ല.
ഹാരി കെയിന് പരിക്ക്; എവര്‍ടണോട് സമനില വഴങ്ങി ടോട്ടനം
എവര്‍ടണെതിരെ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ അധികസമയത്താണ് ടോട്ടന്‍ഹാമിന്‍റെ ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന്‍ പരിക്കേറ്റ് പുറത്തായത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ കറബാവോ കപ്പന്‍റെ ഫൈനല്‍ ഉള്‍പ്പെടെ വമ്പന്‍ പോരാട്ടങ്ങളാണ് ഈ ആഴ്‌ച മൊറിന്യോയുടെ ശിഷ്യന്‍മാരെ കാത്തിരിക്കുന്നത്. ഈ മാസം 25ന് വിഖ്യാതമായ വിംബ്ലി സ്റ്റേഡിയത്തില്‍ വെച്ചാണ് കറബാവോ കപ്പിന്‍റെ ഫൈനല്‍.
എവര്‍ടണെതിരെ ഇരട്ട ഗോള്‍ സ്വന്തമാക്കിയ ഹാരി കെയിന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടവും സ്വന്തമാക്കി. സീസണില്‍ ഇതേവരെ 21 ഗോളുകളാണ് ഇംഗ്ലീഷ് ഫോര്‍വേഡിന്‍റെ ബൂട്ടില്‍ നിന്നും പിറന്നത്. രണ്ടാം സ്ഥാനത്ത് ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ ഫോര്‍വേഡ് മുഹമ്മദ് സലയാണ്. മൂന്നാമത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസും. സല 19ഉം ബ്രൂണോ 16 ഗോളുകളാണ് സീസണില്‍ അടിച്ച് കൂട്ടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ടോട്ടന്‍ഹാമിന്‍റെ ദക്ഷിണകൊറിയന്‍ ഫോര്‍വേഡ് സണ്‍ ഹ്യൂമിന്‍. 14 ഗോളുകളാണ് കഴിഞ്ഞ വര്‍ഷത്തെ പുഷ്‌കാസ് പുരസ്‌കാര ജേതാവ് കൂടിയായ സണ്‍ ഹ്യൂമിന്‍റെ പേരിലുള്ളത്.