ഗോള്‍ഡന്‍ ബൂട്ടുമായി ഹാരി കെയിന്‍; ടോട്ടന്‍ഹാമിന് തകര്‍പ്പന്‍ ജയം - golden boot for kane news
നേരത്തെ 2015-16, 2016-17 സീസണുകളില്‍ ടോട്ടന്‍ഹാം ഫോര്‍വേഡ് ഹാരി കെയിന്‍ പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പാക്കി ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന്‍. ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിലെ ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കെയാണ് കെയിന്‍റെ ഗോള്‍. ഇതോടെ ഈജിപ്‌ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയെ കെയിന്‍ മറികടന്നു. ഒരു ഗോളിന്‍റെ വ്യത്യാസത്തിലാണ് നേട്ടം സ്വന്തമാക്കിയത്. കെയിന്‍ 23ഉം സല 22ഉം ഗോളുകളാണ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ അടിച്ച് കൂട്ടിയത്. കെയിന്‍റെ മൂന്നാമത്തെ ഗോള്‍ഡന്‍ ബൂട്ടാണിത്. നേരത്തെ 2015-16 സീസണിലും 2016-17 സീസണിലും ടോട്ടന്‍ഹാം ഫോര്‍വേഡ് ബൂട്ട് സ്വന്തമാക്കിയിരുന്നു. ലെസ്റ്റര്‍ സിറ്റിക്കെതിരായ സീസണിലെ അവസാന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടന്‍ഹാം രണ്ടിനെതിരെ നാല് ഗോളുകളുെട തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഹാരി കെയിനെ കൂടാതെ ഗാരത് ബെയില്‍ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ കാസ്‌പര്‍ മൈക്കളിന്‍റെ ഓണ്‍ ഗോളും ടോട്ടനത്തിന് കരുത്തായി. ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ജാമി വാര്‍ഡി ഇരട്ട ഗോള്‍ സ്വന്തമാക്കി. ഇരു പകുതികളിലുമായി പെനാല്‍ട്ടിയിലൂടെയാണ് വാര്‍ഡി പന്ത് വലയിലെത്തിച്ചത്.