കേരളം

kerala

ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ സിറ്റി; ചെല്‍സിക്കെതിരെ പോരാട്ടം കനക്കും

യൂറോപ്പിലെ മികച്ച ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. ഈ മാസം 30ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്ന അടുത്ത മത്സരം

പ്രീമിയര്‍ ലീഗ് മത്സരം വാര്‍ത്ത  ചാമ്പ്യന്‍സ് ലീഗ് പോരാട്ടം വാര്‍ത്ത  ഗാര്‍ഡിയോളയും ട്യുഷലും നേര്‍ക്കുനേര്‍ വാര്‍ത്ത  സിറ്റി കപ്പടിച്ചു വാര്‍ത്ത  premier league fight news  champions league fight news  guardiola vs tuchel news
പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ സിറ്റി

By

Published : May 7, 2021, 11:50 AM IST

ലണ്ടന്‍: പണസമ്പന്നമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കപ്പടിച്ച് കലിപ്പടക്കാന്‍ കാത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. മേജര്‍ ലീഗ് കിരീടത്തിനായുള്ള സിറ്റിയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ചെല്‍സിക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കണം. നാളെ രാത്രി 10നാണ് മത്സരം. ചെല്‍സിയെ തളച്ചാല്‍ ഒരു സീസണ് ശേഷം പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് വീണ്ടും കപ്പുയര്‍ത്തും. അഞ്ചാമത് പ്രീമിയര്‍ ലീഗ് നേട്ടത്തിനാണ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ തയാറെടുക്കുന്നത്. ഇതിന് മുമ്പ് 2011-12, 2013-14, 2017-18, 2019-20 സീസണുകളിലാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. സ്‌പാനിഷ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ സ്ഥിരതയോടെ മുന്നേറുന്ന സിറ്റിക്ക് കഴിഞ്ഞ തവണ കാലിടറിയത്. ലിവര്‍പൂളിന്‍റെ കുതിപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപെടേണ്ടിവന്നു.

എന്നാല്‍ ഈ സീസണിലെ പോയിന്‍റ് പട്ടികയില്‍ വലിയ മാറ്റങ്ങളാണ് കാണുന്നത്. ലിവര്‍പൂള്‍ ചിത്രത്തിലെ ഇല്ല. സിറ്റി 80 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 67 പോയിന്‍റ് മാത്രം. ടേബിള്‍ ടോപ്പേഴ്‌സിന് 13 പോയിന്‍റിന്‍റെ മുന്‍തൂക്കം. നാളത്തെ മത്സരത്തില്‍ ജയിച്ചാല്‍ സിറ്റിക്ക് കപ്പ് ഉറപ്പാക്കാം.

സിറ്റി തകര്‍പ്പന്‍ ഫോമില്‍

നാളത്തെ പ്രീമിയര്‍ ലീഗ് പോരാട്ടം തീപ്പാറുന്നതാകും. എൻഡേഴ്‌സണ്‍ വല കാക്കുമ്പോള്‍ സിറ്റിക്കെതിരെ ഗോളടിക്കാന്‍ എതിരാളികള്‍ വിയര്‍കുമെന്ന കാര്യം തീര്‍ച്ചയാണ്. സീസണില്‍ 18 ക്ലീന്‍ ഷീറ്റുകള്‍ ഉള്‍പ്പെടെ 33 മത്സരങ്ങളില്‍ നിന്നായി 23 ഗോള്‍ മാത്രമാണ് എന്‍ഡേഴ്‌സണ്‍ വഴങ്ങിയത്. കെവിന്‍ ഡിബ്രുയിനും ഫില്‍ ഫോഡനും ഗബ്രിയേല്‍ ജസൂസും സര്‍ജിയോ അഗ്യൂറോയും ചേര്‍ന്ന സിറ്റിയുടെ മുന്നേറ്റം ലോകോത്തരമാണ്. പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ അഗ്യൂറോ ഉള്‍പ്പെടെ നാല് പേരും ഗോളടിക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്.

മധ്യനിരയില്‍ ഗുണ്ടോഗനും അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായി റഹീം സ്റ്റര്‍ലിങ്ങും ഫെര്‍ണാഡിന്യോയും തന്ത്രങ്ങള്‍ മെനയും. സ്റ്റോണ്‍സും കെയില്‍ വാക്കറും പോര്‍ച്ചുഗീസ് സെന്‍റര്‍ ബാക്ക് റൂബന്‍ ഡിയാസും ഉള്‍പ്പെടെ പ്രതിരോധത്തില്‍ കൊട്ടകെട്ടും. എല്ലാത്തിലുമുപരി ഗാര്‍ഡിയോളയുടെ തന്ത്രങ്ങളും. വെല്ലുവിളികള്‍ എറെയാണ് ചെല്‍സിക്ക് മുന്നില്‍.

ട്യുഷല്‍ മാജിക്കില്‍ ചെല്‍സി

മറുഭാഗത്ത് സീസണ്‍ പകുതിയോടെ പരിശീലക വേഷത്തില്‍ എത്തിയ തോമസ് ട്യുഷല്‍ പുറത്തെടുത്ത മാജിക്കിലാണ് ചെല്‍സിയുടെ പ്രതീക്ഷ. ലമ്പാര്‍ഡിന്‍റെ നീലപ്പടയില്‍ വലിയ മാറ്റങ്ങള്‍ക്ക് ശ്രമിക്കാതെയാണ് ട്യുഷല്‍ സീസണില്‍ മുന്നോട്ട് പോകുന്നത്. മുന്നേറ്റങ്ങള്‍ക്കായി ടിമോ വെര്‍ണറെയും കയ്‌ ഹാവര്‍ട്ടിനെയും ക്രിസ്റ്റ്യന്‍ പുലിസിക്കിനെയുമാണ് ട്യുഷല്‍ നിയോഗിച്ചിരിക്കുന്നത്.

മധ്യനിരിയില്‍ മേസണ്‍ മൗണ്ടും ബെന്‍ ചില്‍വെല്ലും എന്‍ഗോളോ കോന്‍റെയും ഉള്‍പ്പെടുന്നതാണ് നീലപ്പടയുടെ മധ്യനിര. നീലപ്പടയിലെ പഴയകാല ഓര്‍മയായ മക്കലെല്ലെ റോളിലാണ് എൻഗോളോ കോന്‍റെ മധ്യനിരയില്‍ കളം നിറയുന്നത്. എതിരാളികളുടെ മുന്നേറ്റങ്ങളെ മുന്‍കൂട്ടി കണ്ട് അയാള്‍ തടയിട്ടിരിക്കും. അന്‍റോണിയോ കോന്‍റെയുടെ ആ പഴയ ശിഷ്യന് ഇന്ന് ചെല്‍സിയുടെ മധ്യനിരയില്‍ നിര്‍ണായക റോളുണ്ട്.

ബ്രസീലിയന്‍ ദേശീയ ടീമിന്‍റെ നായകന്‍ തിയാഗോ സില്‍വയാണ് പ്രതിരോധത്തില്‍ വിള്ളലില്ലാതെ സൂക്ഷിക്കുന്നത്. കൂട്ടിന് ഡാനിഷ് ഡിഫന്‍ഡര്‍ ആന്ദ്രേസ ക്രിസ്റ്റ്യനും അന്‍റോണിയോ റോഡ്രിഗറും അണിനിരക്കും. സീസണില്‍ മികച്ച ഫോം തുടരുന്ന സെനഗല്‍ ഗോളി മെന്‍ഡിയാണ് ചെല്‍സിയുടെ വല കാക്കുന്നത്. റയലിനെതിരായ സെമി പോരാട്ടങ്ങളില്‍ ഉള്‍പ്പെടെ മെന്‍ഡിയുടെ സൂപ്പര്‍ സേവുകള്‍ നാം കണ്ടു കഴിഞ്ഞു. തുളയില്ലാത്ത കൈകളുമായി അയാള്‍ ഇനിയും ചെല്‍സിയുടെ വല കാക്കുമെന്ന് പ്രതീക്ഷിക്കാം. സീസണില്‍ 28 മത്സരങ്ങളില്‍ നിന്നായി 16 ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ മെന്‍ഡി 22 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കുന്ന രണ്ട് ടീമുകള്‍ മാറ്റുരക്കുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. മത്സരം നാളെ രാത്രി 10 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ തത്സമയം കാണാം.

ശരിക്കുള്ള പോരാട്ടം ഈ മാസം 30ന്

സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നാളെ പത്തിന് നടക്കുന്ന മത്സരം പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടമാണെങ്കില്‍ ആരാധകര്‍ക്കത് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പുള്ള റിഹേഴ്‌സല്‍ കൂടിയാണ്. അതേ ഈ മാസം 30ന് ഇസ്‌താംബുളില്‍ ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് വേണ്ടി ഏറ്റുമുട്ടുന്നതിന് മുന്നോടിയായി നടക്കുന്ന മത്സരമാണിത്.

പെപ്പ് ഗാര്‍ഡിയോളയും ജര്‍മന്‍ പരിശീലകന്‍ തോമസ് ട്യുഷലും നേര്‍ക്കുനേര്‍ വരുമ്പോള്‍ ലോക ഫുട്‌ബോളിനെ മുള്‍മുനയില്‍ നില്‍ക്കുന്ന നിമിഷങ്ങളായി മാറും. എതായാലും കരുത്തര്‍ ഏറ്റുമുട്ടുന്ന ഇരു മത്സരങ്ങളും ആരാധകര്‍ക്ക് വിരുന്നായി മാറും. കഴിഞ്ഞ സീസണില്‍ പിഎസ്‌ജിയെ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ വരെ എത്തിച്ച ട്യുഷലിനെ ഇത്തവണ ഫ്രഞ്ച് വമ്പന്‍മാര്‍ കൈയ്യൊഴിഞ്ഞു. പിന്നാലെ ചെല്‍സി സ്വന്തം തട്ടകത്തിലെ ആശാന്‍റെ കസേരയിലേക്ക് ജര്‍മന്‍ പരിശീലകനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. പിന്നെ കണ്ടതെല്ലാം ചരിത്രം. ഫ്രാങ്ക് ലമ്പാര്‍ഡിന് കീഴില്‍ മുടന്തി നീങ്ങിയ ചെല്‍സി പടക്കുതിരയായി മാറി. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഉള്‍പ്പെടാന്‍ മത്സരിക്കുമ്പോള്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ വരെ എത്താന്‍ അവര്‍ക്കായി. മറുഭാഗത്ത് സിറ്റിയെ 2016 മുതല്‍ കൈപിടിച്ച് നയിക്കുന്നത് ഗാര്‍ഡിയോളയാണ്. സിറ്റി നിരയിലെ ഓരോ സ്‌പന്ദനവും അയാള്‍ക്ക് അറിയാം. ഇതിനകം രണ്ട് തവണ സിറ്റിക്കായി പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത ഗാര്‍ഡിയോള ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല.

ABOUT THE AUTHOR

...view details