ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്തമാക്കി ചെല്‍സി. ആദ്യപകുതി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ടിമോ വെര്‍ണറാണ് ചെല്‍സിക്കായി വല കുലുക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടകയില്‍ നാലാം സ്ഥാനത്ത് തുടരുന്ന നീലപ്പട ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി.
33 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും 16 ജയം ഉള്‍പ്പെടെ 58 പോയിന്‍റാണ് ചെല്‍സിക്കുള്ളത്. ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റി 10 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ 77 പോയിന്‍റാണുള്ളത്. ഷോട്ടുകളുടെ എണ്ണത്തിലും പന്തടക്കത്തിന്‍റെ കാര്യത്തിലും തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാരായിരുന്നു മുന്നില്‍. നീലപ്പട ആറും വെസ്റ്റ്ഹാം രണ്ടും ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തു. രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ ഫാബിയോ മല്‍വോന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് വെസ്റ്റ് ഹാം മത്സരം പൂര്‍ത്തിയാക്കിയത്.
ആന്‍ഫീല്‍ഡില്‍ സമനില
ലീഗിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ന്യൂകാസല്‍ യുണൈറ്റഡ് സമനിലയില്‍ തളച്ചു. ആന്‍ഫീല്‍ഡില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു പിരിഞ്ഞു. കിക്കോഫിന് ശേഷം മൂന്നാം മിനിട്ടില്‍ സൂപ്പര്‍ ഫോര്‍വേഡ് മുഹമ്മദ് സലയാണ് ചെമ്പടക്കായി വല കുലുക്കിയത്.
അധികസമയത്തായിരുന്നു ന്യൂകാസല്‍ സമനില പിടിച്ചത്. ജോ വില്ലോക്ക് ന്യൂകാസിലിനായി സമനില ഗോള്‍ നേടി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ലിവര്‍പൂള്‍. ആദ്യ നാലില്‍ ഉള്‍പ്പെട്ടാലെ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിക്കൂ.
ഷെഫീല്‍ഡ് യുണൈറ്റഡിന് ആശ്വാസ ജയം
ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡ് ആശ്വാസ ജയം സ്വന്തമാക്കി. ബ്രൈറ്റണെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചെങ്കിലും ലീഗില്‍ മുന്നേറ്റം നടത്താന്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് ജയം അനിവാര്യമാണ്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയിച്ചാലെ ഷെഫീല്‍ഡ് യുണൈറ്റഡിന് തരംതാഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ സാധിക്കൂ.