ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ അപരാജിത കുതിപ്പ് തുടരുന്നു. സാദിയോ മാനേ ലിവർപൂൾ ജഴ്‌സിയിൽ 100 ഗോളുകൾ തികച്ച മത്സരത്തിൽ , മുഹമ്മദ് സലാ, നബി കെയ്റ്റ എന്നിവരാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുമായി ലിവർപൂൾ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സതാംപ്‌ടണ്‍ സമനിലയിൽ തളച്ചു. ഇതോടെ 10 പോയിന്‍റുമായി സിറ്റി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണു.
ആഴ്‌സണൽ ഏകപക്ഷീയമായ ഒരു ഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു. മുപ്പതാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡാണ് നിര്‍ണായക ഗോള്‍നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി 12-ാം സ്ഥാനത്തേക്ക് ആഴ്‌സണൽ എത്തി. മറ്റൊരു മത്സരത്തില്‍ ആസ്റ്റന്‍ വില്ല എതിരില്ലാത്ത മൂന്ന് ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു.
ഗോൾ മഴ പെയ്യിച്ച് ബയേണ്‍
ജർമൻ ബുന്ദസ്‌ലിഗയിൽ വിഎഫ്എൽ ബോഷമിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ബയേണ്‍ മ്യൂണിക്ക് തകർത്തു. വിജയത്തോടെ അഞ്ച് കളികളിൽ നിന്ന് 13 പോയിന്‍റുമായി ബയേണ്‍ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജോഷ്വ കിമ്മിച്ച് ഇരട്ടഗോൾ നേടിയപ്പോൾ, ലിറോയ് സാനേ, സെർജി ഗനാബ്രി, വാസിലിസ് ലംപ്രോപോലസ്, റോബർട്ട് ലെവൻഡോവ്സ്കി, എറിക് മാക്സിം ചോപോ മോട്ടിങ് എന്നിവർ ഓരോ ഗോള്‍ വീതം നേടി.