ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാർക്ക് വിജയത്തുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവർപൂൾ, ലെസ്റ്റര്‍ സിറ്റി ക്ലബ്ബുകളാണ് പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ട് വിജയത്തോടെ തുടക്കം കുറിച്ചത്.
എന്നാൽ പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ ടീമായ ആഴ്‌സണൽ ആദ്യ മത്സരത്തിൽ കുഞ്ഞൻമാരായ ബ്രന്‍റ്ഫോർഡിനോട് തോൽവി വഴങ്ങി. 74 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചുവന്ന ബ്രന്‍റ്‌ഫോർഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ കീഴടക്കിയത്.
ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തകർത്തു കൊണ്ടാണ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾ ആരംഭിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഹാട്രിക്ക് മികവിലാണ് യുണൈറ്റഡ് മികച്ച വിജയം സ്വന്തമാക്കിയത്. മാസോണ്‍ ഗ്രീന്‍വുഡും ഫ്രെഡുമാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. കളം നിറഞ്ഞ് കളിച്ച പോൾ പോഗ്ബെയാണ് യുണൈറ്റഡിന്‍റെ നാല് ഗോളുകൾക്കും വഴിയൊരുക്കിയത്.