റോം: യുവേഫ നേഷന്‍സ് ലീഗില്‍ പോളണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തിലെ എല്ലാ മേഖലകളിലും പോളണ്ടിന് മേല്‍ മേല്‍ക്കൈ സ്വന്തമാക്കിയ അസൂറിപ്പട അര്‍ഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. 27ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മധ്യനിര താരം ജോര്‍ജീന്യോ ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ രണ്ടാം പകുതിയിലെ 83ാം മിനിട്ടില്‍ ബെരാഡിയിലൂടെ ഇറ്റലി ലീഡുയര്‍ത്തി. ജയത്തോടെ ലീഗ് എയിലെ ഗ്രൂപ്പില്‍ ഇറ്റലി ഒന്നാമതാണ്.അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ജയങ്ങളുള്ള ഇറ്റലി ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിന് നെതര്‍ലന്‍റിനെയാണ് മറികടന്നത്. പോളണ്ടിനെതിരെ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ടെ ലെവന്‍ഡോവ്‌സ്‌കി ഉള്‍പ്പെടെയുള്ള താരങ്ങളെ തളച്ചാണ് ഇറ്റലിയുടെ മുന്നേറ്റം.
നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് പുറത്ത്; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇറ്റലി
എട്ട് മത്സരങ്ങളാണ് യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നടന്നത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ലീഗിലെ മത്സരങ്ങള്‍ 18ന് പുനരാരംഭിക്കും
ഗ്രൂപ്പ് രണ്ടില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് നേഷന്‍സ് ലീഗില്‍ നിന്നും പുറത്തായി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലണ്ടിനെ ബെല്‍ജിയം മുട്ടുകുത്തിച്ചത്. 10ാം മിനിട്ടില്‍ ടലെമാന്‍സും 23ാം മിനിട്ടില്‍ മാര്‍ട്ടിനെസും ബെല്‍ജിയത്തിന് വേണ്ടി വെടിപൊട്ടിച്ചു. ജയത്തോടെ 12 പോയിന്‍റുള്ള ബെല്‍ജിയം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് ബെല്‍ജിയത്തിന്‍റെ കുതിപ്പ്. 10 പോയിന്‍റുള്ള ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമുള്ള ഇംഗ്ലണ്ടിന് ഏഴ് പോയിന്‍റ് മാത്രമാണുള്ളത്. ഗ്രൂപ്പ് രണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി.
രണ്ട ദിവസത്തെ ഇടവേളക്ക് ശേഷം ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 18ന് പുനരാരംഭിക്കും. സ്വീഡന്‍ ഫ്രാന്‍സ് മത്സരത്തോടെയാണ് നേഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ പുനരാരംഭിക്കുക.