വെംബ്ലി: യൂറോപ്പിന്‍റെ കിരീടത്തിലേക്ക് ഇനി ഒരു മത്സം കൂടി. നേടിയാലും നഷ്ടപ്പെട്ടാലും ഇംഗ്ലണ്ടിനത് പുതു ചരിത്രം. സ്വന്തം തട്ടകമായ വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റലിയെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ത്രീ ലയണ്‍സിന് ചിന്തിക്കാനാവില്ല. എന്നിരുന്നാലും സെമിയില്‍ ഡെൻമാർക്കിനെ കീഴടക്കിയപ്പോള്‍ തന്നെ അവര്‍ ചരിത്രം തീര്‍ത്ത് തുടങ്ങിയിരുന്നു.
കാരണം 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ത്രീലയണ്‍സ് ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1966ല്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഒരു കിരീടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. യൂറോ കപ്പിന്‍റെ സെമിയില്‍ നേരത്തെ രണ്ട് തവണ പന്ത് തട്ടിയെങ്കിലും തോറ്റ് പുറത്ത് പോകാനായിരുന്നു ടീമിന്‍റെ വിധി. 1968, 1996 വര്‍ഷങ്ങളിലായിരുന്നു ഇംഗ്ലണ്ട് സെമി കളിച്ചത്.
ആദ്യ തവണ യൂഗോസ്ലാവിയയും രണ്ടാം തവണ ജര്‍മനിയും ത്രീ ലയണ്‍സിന് പുറത്തേക്കുള്ള വഴി തുറന്നു. അതേസമയം ഇത്തവണ ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ശരിവച്ചാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സംഘം ഡെന്മാര്‍ക്കിനെ തിരിച്ചയച്ചത്. മത്സരത്തിന്‍റെ അധിക സമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.