കൊൽക്കത്ത :ഡ്യൂറൻഡ് കപ്പില്‍ റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോൽവി. മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു എഫ്‌സിയുടെ വിജയം.
ഹെർമിപാം, സന്ദീപ് സിങ്, ദനചന്ദ്ര മെയ്തേയ്‌സി എന്നിവരാണ് കേരള നിരയിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത്. തുടർന്ന് 10 പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ആദ്യ പകുതിയിൽ മികച്ച രീതിയിൽ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഫിനിഷിങ്ങിലാണ് പിഴച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ബെംഗളൂരു ആദ്യ ഗോൾ നേടിയത്. തകർപ്പൻ ഫ്രീക്കിക്കിലൂടെ നംഗൽ ഭൂട്ടിയ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾ വല കുലുക്കി. 70ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്കോർ ചെയ്തു. ഹെഡറിലൂടെ ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിന്‍റെ ലീഡ് ഇരട്ടിയാക്കിയത്.
ALSO READ:ചാമ്പ്യന്‍സ് ലീഗ് : ബാഴ്‌സയ്‌ക്കും യുണൈറ്റഡിനും തോല്‍വിയോടെ തുടക്കം, ബയേണ്‍, ചെല്‍സി, യുവന്‍റസ് മുന്നോട്ട്
എന്നാൽ ലിയോണിന്‍റെ കൈ തട്ടിയാണ് പന്ത് വലയിൽ കയറിയത്. ഈ ഹാന്‍റ് ബോൾ ഫൗൾ റഫറി കണ്ടതുമില്ല. ഇന്ത്യൻ നേവിക്കെതിരെ ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സിന് ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ.