വാസ്‌കോ: സമനില കളിക്കൊടുവില്‍ പരിശീലകന്‍ ജെറാര്‍ഡ് നൂസിനെ പുറത്താക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ബംഗളൂരു എഫ്‌സിക്കെതിരായ മത്സര ശേഷമാണ് സ്‌പാനിഷ് പരിശീലകന്‍ നൂസിനെ പുറത്താക്കിയതായി നോര്‍ത്ത് ഈസ്റ്റ് ട്വീറ്റ് ചെയ്‌തത്. സീസണിലെ മങ്ങിയ പ്രകടനമാണ് തിരിച്ചടിയായത്. യുവേഫ പ്രോ ലൈസന്‍സ് സ്വന്തമാക്കിയ നൂസ് ഈ സീസണിലാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പരിശീലക ചുമതല ഏറ്റെടുത്തത്.
11 ഐഎസ്‌എല്‍ പോരാട്ടങ്ങളില്‍ നിന്നായി രണ്ട് ജയങ്ങള്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റിന് സ്വന്തമാക്കാനായത്. ആറ് സമനിലകള്‍ വഴങ്ങിയപ്പോള്‍ മൂന്ന് പരാജയങ്ങളും ഏറ്റുവാങ്ങി. പുറത്താക്കിയ നൂസിന് പകരം ഇടക്കാല പരിശീലകനായി ഖാലിദ് ജമീലിനെ നോര്‍ത്ത് ഈസ്റ്റ് ചുമതലപ്പെടുത്തി. ലീഗിലെ അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും. ഈ മാസം 17ന് വൈകീട്ട് അഞ്ച് മണിക്ക് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ നവംബര്‍ അവസാനം നടന്ന നോര്‍ത്ത് ഈസ്റ്റ് മത്സരത്തിനിടെ നൂസും എഫ്‌സി ഗോവയുടെ പരിശീലകന്‍ യുവാന്‍ ഫെറോണ്ടോയും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത് വാര്‍ത്തയായിരുന്നു. കളിക്കളത്തിലെ ആവേശം പുറത്തേക്കും നീങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്‌തു. തുടര്‍ന്ന് ഐഎസ്‌എല്‍ പ്രതിനിധികളും ഇരു ടീമുകളിലെയും ഒഫീഷ്യല്‍സും ചേര്‍ന്നാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. മോശം പെരുമാറ്റത്തിന് ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്‌തു.
ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് നേരത്തെ ബംഗളൂരു എഫ്‌സിയുടെ പരിശീലകന്‍ കാര്‍ലോസ് ക്വാഡ്രറ്റിനും സ്ഥാനം നഷ്‌ടമായിരുന്നു. ബംഗളൂരു ഹാട്രിക്ക് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ക്വാഡ്രറ്റിനെ ബംഗളൂരു പുറത്താക്കിയത്. ബംഗളൂരുവിന് ഐഎസ്‌എല്‍ കിരീടം ഉള്‍പ്പെടെ നേടിക്കൊടുത്ത പരിശീലകനായിരുന്ന ക്വാഡ്രറ്റ്.