വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇരട്ടപ്പോരാട്ടം. ജംഷഡ്‌പൂര്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ എടികെ മോഹന്‍ബഗാനും എഫ്‌സി ഗോവയും തമ്മിലാണ് രണ്ടാമത്ത മത്സരം. വൈകിട്ട് അഞ്ച് മണിക്ക് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരാജയങ്ങളുടെയും സമനിലകളുടെയും ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്ത് ഈസ്റ്റും ജംഷഡ്‌പൂരും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് ജംഷഡ്‌പൂരിന്‍റെ അക്കൗണ്ടിലുള്ളത്. നോര്‍ത്ത് ഈസ്റ്റാവട്ടെ അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് പരാജയവും രണ്ട് സമനിലയുമായിട്ടാണ് തിലക് മൈതാനത്തേക്ക് വരുന്നത്.
സ്‌പാനിഷ് പരിശീലകന്‍ ജെറാര്‍ഡ് നൂസിനെ പുറത്താക്കിയ ശേഷമുള്ള നോര്‍ത്ത് ഈസ്റ്റിന്‍റെ ആദ്യ മത്സരം കൂടിയാണിത്. നിലവില്‍ താല്‍ക്കാലിക പരിശീലകനായ ഖാലിദ് ജമീലിനാണ് ടീമിന്‍റെ ചുമതല. മറുവശത്ത് ഓവന്‍ കോയലാണ് ജംഷഡ്‌പൂരിന്‍റെ തന്ത്രങ്ങള്‍ മെനയുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് ജംഷഡ്‌പൂര്‍. മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അലക്‌സ് ഡിലിമക്ക് കളിക്കാന്‍ സാധിക്കാത്തതും ജംഷഡ്‌പൂരിന് തിരിച്ചടിയാകും.
പരിശീലകന്‍ ജുവാന്‍ ഫെറോണ്ടയുടെ തന്ത്രങ്ങളാണ് കഴിഞ്ഞ മത്സരത്തില്‍ ഗോവയ്ക്ക് തുണയായത്. ഇന്ന് എടികെയ്ക്ക് എതിരെ ഇറങ്ങുമ്പോഴും ജുവാന് കീഴിലുള്ള ഗോവ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരക്കൊപ്പം ഗോള്‍ കീപ്പര്‍ നവീന്‍ കുമാറും ഗോവയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരു ടീമുകളും ഒരു പോലെ ആക്രമിച്ച് കളിച്ചപ്പോള്‍ ഫിനിഷിങ്ങില്‍ ഗോവ മികവ് കാണിച്ചു.