കാല്‍പ്പന്തിന്‍റെ മൈതാനത്ത് മാന്ത്രികത തീര്‍ത്ത ഡിയാഗോ മറഡോണ മണ്‍ മറഞ്ഞിട്ട് ഇന്ന് ഒരാണ്ട്. 1960 ഒക്‌ടോബർ 30ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിന്‍റെ പ്രാന്തപ്രദേശത്തുളള ലാനസില്‍ ജനിച്ച താരം 2020 നവംബര്‍ 25നാണ് ലോകത്തോട് വിടപറഞ്ഞത്.
ദാരിദ്ര്യത്തോട് പൊരുതിയും വെറുങ്കാലില്‍ പന്ത് തട്ടിയുമാണ് മറഡോണ ഫുട്‌ബോള്‍ ലോകത്തിന്‍റെ നെറുകയിലേക്ക് വളര്‍ന്നത്.1977 ഫെബ്രുവരിയില്‍ ഹംഗറിക്കെതിരായ മത്സരത്തോടെ 16ാം വയസിലാണ് മറഡോണ അർജന്‍റീനയ്‌ക്കായി അരങ്ങേറ്റം നടത്തിയത്.
പന്തടക്കവും വേഗവും ഡ്രിബ്ലിങ്ങുമെല്ലാം കുറിയ മനുഷ്യനെ കളിക്കളത്തിലെ കരുത്തുറ്റ താരമാക്കി. 1986ൽ അർജന്‍റീനയെ ഏറെക്കുറെ മറഡോണ ഒറ്റയ്‌ക്കാണ് ലോക കിരീടത്തിലേക്ക് നയിച്ചത്. മന്ത്രികന്‍ മറഡോണ ബൂട്ടുകെട്ടിയ രണ്ടാമത്തെ മാത്രം ലോകകപ്പായിരുന്നു അത്.
മെക്സിക്കോയിലെ ലോകകപ്പ് വേദിയില്‍ പന്തുരുണ്ടപ്പോള്‍ അര്‍ജന്‍റീനയെ നയിച്ചതും മറഡോണയായിരുന്നു. ദൈവത്തിന്‍റെ കൈയ്യും നൂറ്റാണ്ടിന്‍റെ ഗോളും ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകം കണ്ടു. 60 മീറ്റർ (66 വാര) അകലെ നിന്നും അഞ്ച് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് ഗോളിയെയും മറികടന്നുള്ള മറഡോണയുടെ ഗോള്‍ നേട്ടമാണ് ‘നൂറ്റാണ്ടിന്‍റെ ഗോൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്.
also read:ISL | ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ വീഴ്‌ത്തി ഒഡീഷ ; പെനാല്‍റ്റി പാഴാക്കി ഛേത്രി
അര്‍ജന്‍റീനയ്‌ക്കായി 91 മത്സരങ്ങളിൽ നിന്നായി 34 അന്താരാഷ്ട്ര ഗോളുകൾ താരം നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെ നാല് ലോകകപ്പുകളിലെ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് മറഡോണ അടിച്ചെടുത്തത്.
1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതിയും താരം സ്വന്തമാക്കി. 2010 ലോകകപ്പില്‍ അര്‍ജന്‍റീനന്‍ ഫുട്‌ബോള്‍ ടീമിന്‍റെ മുഖ്യ പരിശീലകനും അദ്ദേഹമായിരുന്നു. ഒടുവില്‍ മറഡോണ വിടപറഞ്ഞത് ഫുട്‌ബോള്‍ ചരിത്രത്തേയും വിഭജിച്ചുകൊണ്ടാണ്. മറഡോണയ്‌ക്ക് മുമ്പും ശേഷവും!!..