കോപ്പൻഹേഗൻ: യൂറോ കപ്പില്‍ റഷ്യയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ഡെന്മാർക്ക് പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഡെന്മാര്‍ക്ക് ഐതിഹാസിക വിജയം കുറിച്ചത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്നും ഡെന്മാർക്ക് പ്രീക്വാർട്ടർ ഉറപ്പിച്ചു. മൈക്കൽ ഡാംസ്‌ഗാർഡ്, യൂസഫ് പോൾസെൻ, ആൻഡ്രിയാസ് ക്രിസ്റ്റിയെന്‍സെന്‍, ജോക്കീം മാലെ എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. ആര്‍ട്ടെം സ്യൂബയാണ് പെനാല്‍ട്ടിയിലൂടെ റഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഡെന്മാർക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തേക്ക് പിന്തളളപ്പെടുകയും നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവി, എറിക്സണിന്‍റെ അപകടം, അത് ടീമിലുണ്ടാക്കിയ ആഘാതം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വലഞ്ഞ ഡെൻമാർക്കിന്‍റെ ഉയർത്തേഴുന്നേൽപ്പായിരുന്നു മത്സരം. ടൂര്‍ണമെന്‍റില്‍ നില നില്‍ക്കണമെങ്കില്‍ വലിയ മാര്‍ജിനില്‍ വിജയം വേണമെന്ന ബോധ്യത്തോടെയാണ് ഡെന്മാര്‍ക്ക് റഷ്യയ്‌ക്കെതിരെ ഇറങ്ങിയത്. ഇതോടെ മത്സരത്തിന്‍റെ തുടക്കം മുതല്‍ ഡാനിഷ് പട ആക്രമിച്ച് കളിച്ചു.
also read: യുക്രൈനെ വീഴ്ത്തി ഓസ്ട്രിയക്ക് പ്രീക്വാർട്ടർ 'പാസ്'
മത്സരത്തിന് കിക്കോഫ് മുതൽ ഡെൻമാർക്കായിരുന്നു കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. ഇതിന്‍റെ ഫലമായി 38ാം മിനിട്ടില്‍ ഡെൻമാർക്കിന്‍റെ ആദ്യ ഗോൾ പിറന്നു. ഹോയ്പിയുടെ അസിസ്റ്റിൽ നിന്ന് മൈക്കൽ ഡാംസ്‌ഗാർഡ് ബോക്സിന്‍റെ പുറത്ത് നിന്നും തോടുത്ത ഷോട്ട് റഷ്യൻ വലകുലുക്കി. ഇതോടെ 20 കാരനായ താരം ടൂര്‍ണമെന്‍റില്‍ ഗോള്‍ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.
റഷ്യയുടെ ആശ്വാസം 70ാം മിനിട്ടില്‍
തുടര്‍ന്ന് ഡെൻമാർക്ക് നിരന്തരം റഷ്യൻ പ്രതിരോധനിരയെയും ഗോളിയേയും പരീക്ഷിച്ചു കൊണ്ടിരുന്നു. 59ാം മിനിറ്റിൽ റഷ്യൻ പ്രതിരോധ താരം റോമൻ സോബ്നിന്‍റെ മിസ് പാസില്‍ നിന്നാണ് യൂസഫ് പോൾസെൻ ഗോള്‍ കണ്ടെത്തിയത്. 70ാം മിനിട്ടിലായിരുന്നു റഷ്യയുടെ ഏക ഗോള്‍ പിറന്നത്. അലക്സാണ്ടർ സോബോലെവിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ആര്‍ട്ടെം സ്യൂബ വലയിലെത്തിച്ചു. ഡെന്‍മാര്‍ക്കിന്‍റെ തുടരാക്രമണത്തില്‍ 79ാം മിനിട്ടിലും 82ാം മിനിട്ടിലും റഷ്യൻ വല കുലുങ്ങി. ആൻഡ്രിയാസ് ക്രിസ്റ്റിയെന്‍സെനാണ് മൂന്നാം ഗോള്‍ വലയിലെത്തിച്ചത്. ജോക്കീം മാലെ നാലാം ഗോളും കണ്ടെത്തി. ഇതോടെ (4-1) എന്ന വലിയ മാർജിനില്‍ ജയിച്ച ഡെൻമാർക്ക് പ്രീക്വാർട്ടറില്‍ കടന്നു.