റാഞ്ചി: പ്രാരാബ്ധങ്ങള്‍ക്ക് വിട. ജാർഖണ്ഡ് - റാഞ്ചി ജില്ലയിലെ ഒർമാഞ്ചി ബ്ലോക്കിലെ ഡാഹു ഗ്രാമത്തിൽ താമസിക്കുന്ന സീമ കുമാരി ഇനി കേംബ്രിഡ്ജിലെ ഹാർവാഡ് സർവകലാശാലയിൽ പഠിക്കും. ഫുട്ബോള്‍ താരമായ സീമയ്ക്ക് ഹാർവാഡ് സർവകലാശാലയിൽ സ്‌കോളർഷിപ്പിന് അവസരം ലഭിച്ചതായി സന്നദ്ധ സംഘടനയായ 'യുവ' ട്വീറ്റ് ചെയ്തു.
യുവയുടെ ഫുട്ബോള്‍ ടീമില്‍ അംഗമായ സീമയുടെ, മാതാപിതാക്കള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത കര്‍ഷക തൊഴിലാളികളാണ്. 2012ലാണ് താരം യുവയുടെ ഫുട്ബോള്‍ ടീമിലെത്തുന്നത്. തുടക്കത്തിൽ, വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും സധൈര്യം മുന്നേറിയാണ് സീമ ഈ വലിയ നേട്ടം സ്വന്തമാക്കിയതെന്ന് യുവ പറയുന്നു.
ഇതോടെ തന്‍റെ കുടുംബത്തില്‍ നിന്നും ഒരു സര്‍വകലാശാലയില്‍ പഠിക്കുന്ന ആദ്യ പെൺകുട്ടികൂടിയാവുകയാണ് സീമ. ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് യുവ. പാവപ്പെട്ട പെൺകുട്ടികളെ ഫുട്ബോൾ പഠിപ്പിക്കുകയും, അതിലൂടെ അവരുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുകയുമാണ് യുവ ചെയ്യുന്നത്. 2008ല്‍ യുഎസ് ആസ്ഥാനമായ ഫ്രാൻസ് ഗ്യാസ്‌ലറാണ് യുവയുടെ സ്ഥാപകന്‍.
അതേസമയം അശോക സർവകലാശാല, മിഡിൽബറി കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും സീമ കുമാരിക്ക് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നതായും, എന്നാല്‍ ഹാർവാഡ് സർവകലാശാലയുടെ സ്‌കോളർഷിപ്പ് സ്വീകരിക്കുകയായിരുന്നുവെന്നും യുവ അറിയിച്ചിട്ടുണ്ട്.