കേരളം

kerala

ക്രിസ്റ്റല്‍ പാലസിനെ സെവനപ്പ് കുടിപ്പിച്ച് ചെമ്പട; എവേ മത്സരത്തില്‍ റെക്കോഡ് നേട്ടം

എവേ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത ഏഴ്‌ ഗോളുകള്‍ക്കാണ് ആന്‍ഫീല്‍ഡിലെ കരുത്തരായ ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്

By

Published : Dec 20, 2020, 2:16 AM IST

Published : Dec 20, 2020, 2:16 AM IST

big win for liverpool news record win for liverpool news ലിവര്‍പൂളിന് വമ്പന്‍ ജയം വാര്‍ത്ത ലിവര്‍പൂളിന് റെക്കോഡ് ജയം വാര്‍ത്ത
ഹെന്‍ഡേഴ്‌സണ്‍

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവേ മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ലിവര്‍പൂള്‍. ക്രിസ്റ്റല്‍ പാലസിന് എതിരായ എവേ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെമ്പട ഏഴ്‌ ഗോളുകളാണ് അടിച്ച് കൂട്ടിയത്. ലീഗിലെ എവേ മത്സരത്തില്‍ ലിവര്‍പൂളിന്‍റെ ഏറ്റവും മികച്ച സ്‌കോറാണിത്.

റോബെര്‍ട്ടോ ഫെര്‍മിനോ, മുഹമ്മദ് സല എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ക്രിസ്റ്റര്‍ പാലസ് നിഷ്‌പ്രഭരായി മാറി. ആദ്യപകുതിയെ 44ാം മിനിട്ടിലും രണ്ടാം പകുതിയിലെ 68ാം മിനിട്ടിലുമായിരുന്നു ഫെര്‍മിനോയുടെ ഗോളുകള്‍. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് സല ഇരട്ട വെടി പൊട്ടിച്ചത്. 81ാം മിനിട്ടിലും 84ാം മിനിട്ടിലുമായിരുന്നു സല ക്രിസ്റ്റല്‍ പാലസിന്‍റെ ഗോള്‍വല കുലുക്കിയത്. ക്രിസ്‌മസ് ഷെഡ്യൂളിന് മുന്നോടിയായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ സലയെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല.

ആദ്യ പകുതിയിലെ മൂന്നാം മിനിട്ടില്‍ തന്നെ ടാക്കുമി മിനാമിനോയിലൂടെ ലിവര്‍പൂളിന്‍റെ ആദ്യ ഗോള്‍ പിറന്നു. ഇതേ തുടര്‍ന്ന് ജാഗ്രതയോടെ കളിച്ച ക്രിസ്റ്റര്‍ പാലസിന്‍റെ വല രണ്ടാമത് ചലിപ്പിച്ചത് 35ാം മിനിട്ടില്‍ വിങ്ങര്‍ സാദിയോ മാനെയായിരുന്നു. 52ാം മിനിട്ടില്‍ നായകന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണും ഗോള്‍ കണ്ടെത്തി.

പരിക്കിന്‍റെ പിടിയില്‍ അമര്‍ന്ന് മങ്ങിയ പ്രകടനം തുടരുന്ന ലിവര്‍പൂളിന് മിന്നും ജയം ഊര്‍ജ്ജമാകും. ഏഴ്‌ മുന്‍നിര താരങ്ങളാണ് പരിക്ക് കാരണം പുറത്തിരിക്കുന്നത്. വെര്‍ജില്‍ വാന്‍ഡിക്, തിയാഗോ അല്‍കാന്‍ട്ര, ഡിയാഗോ ജോട്ട, ജെയിംസ് മില്‍നര്‍ തുടങ്ങിയ താരങ്ങളെയാണ് പരിക്ക് വലക്കുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ സീസണിലെ കുതിപ്പ് ചെമ്പടക്ക് ഇതേവരെ ലീഗില്‍ സ്വന്തമാക്കാനായിട്ടില്ല. വാന്‍ഡിക് ഉള്‍പ്പെടെ പ്രതിരോധ നിരയില്‍ ഇല്ലാതിരുന്നിട്ടും ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനായതും ലിവര്‍പൂളിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ഇടവേളക്ക് ശേഷം ലീഗിലെ പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയ ലിവര്‍പൂളിന് എവേ മത്സരത്തിലെ വമ്പന്‍ ജയത്തോടെ അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ലഭിച്ചിരിക്കുന്നത്. 14 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റാണ് ഒന്നാം സ്ഥാനത്തുള്ള ചെമ്പടക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള എവര്‍ടണ് ഇത്രയും മത്സരങ്ങളില്‍ നിന്നും 26 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് 25 പോയിന്‍റുമാണുള്ളത്.

ABOUT THE AUTHOR

...view details