ഹംഗറി: യൂറോപ്പില്‍ ബയേണിന്‍റെ തേരോട്ടം തുടരുന്നു. മാന്വല്‍ ന്യൂയറും കൂട്ടരും സെവിയ്യയെ പരാജയപ്പെടുത്തി യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയേണിന്‍റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞപ്പോള്‍ മത്സരം ഏക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിലെ 104ാം മിനിട്ടില്‍ സാവി മാര്‍ട്ടിനസാണ് ബയേണിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.
ലൂകാസ് ഒകാംപോസിന്‍റെ പെനാല്‍ട്ടിയിലൂടെ സെവിയ്യ ആദ്യം ലീഡ് സ്വന്തമാക്കി. ബാഴ്‌സലോണയില്‍ നിന്നും സെവിയ്യയില്‍ എത്തിയ ഇവാന്‍ റാകിടിച്ചിനെ ബോക്‌സില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍ട്ടി. എന്നാല്‍ ലീഡ് നിലനിര്‍ത്തുന്നതില്‍ സെവിയ്യ പരാജയപ്പെട്ടു. 34ാം മിനിട്ടില്‍ മുന്നേറ്റ താരം ലെവന്‍ഡോവ്‌സ്‌കിയുടെ അസിസ്റ്റിലൂടെ ലിയോണ്‍ ഗൊരെട്‌സ്‌ക ബയേണിന് വേണ്ടി സമനില പിടിച്ചു.