മാഞ്ചസ്റ്റര്‍:ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസ് വിടാന്‍ തീരുമാനിച്ച പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. റൊണാൾഡോയെ വിട്ടു നൽകാനായി യുവന്‍റസ് ആവശ്യപ്പെടുന്ന 25 മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ ഫീ നൽകാൻ കഴിയില്ലെന്ന് സിറ്റി അറിയിച്ചു. ഇതിനെ തുടർന്ന് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്തി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വൈകാതെ റൊണാള്‍ഡോ യുനൈറ്റഡില്‍ മടങ്ങിയെത്തുമെന്നും പല ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
റൊണാള്‍ഡോ സിറ്റിയിലേക്ക് വരുന്നകാര്യം സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ യുവന്‍റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയാറാണെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ പറഞ്ഞിരുന്നു. റൊണാള്‍ഡോ യുനൈറ്റഡിന്‍റെ ഇതിഹാസ താരമാണെന്നും സോള്‍ഷ്യര്‍ വ്യക്തമാക്കിയിരുന്നു.