കൊവിഡ്; ഡർബി കൗണ്ടിക്ക് ആശ്വാസവുമായി റൂണിയും കൂട്ടരും - കൊവിഡ് വാർത്ത
സൂപ്പർ താരം വെയിന്‍ റൂണി ഉൾപ്പെടെയുള്ള ഡർബി കൗണ്ടിയിലെ കളിക്കാരും മറ്റ് അംഗങ്ങളും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വേതനം വേണ്ടെന്ന് വെച്ചു
ലണ്ടന്‍:കൊവിഡ് പ്രതിസന്ധിയില്‍ ശമ്പളം വേണ്ടെന്നുവച്ച് ഇംഗ്ലീഷ് ക്ലബ് ഡർബി കൗണ്ടിയിലെ കളിക്കാരും പരിശീലകരും. മുന്‍ ഇംഗ്ലഷ് സൂപ്പർ താരവും ടീമിന്‍റെ നായകനുമായ വെയിന്‍ റൂണി ഉൾപ്പെടെയാണ് പ്രതിസന്ധികാലത്ത് വേതനം വേണ്ടെന്നുവച്ചത്. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബിന് ആശ്വാസമായിരിക്കുകയാണ് താരങ്ങളുടെ നടപടി. ചില താരങ്ങൾ ഭാഗികമായാണ് വേതനം വേണ്ടെന്ന് വച്ചത്. പ്രതിസന്ധികാലത്ത് വേതനം വേണ്ടെന്നുവച്ച താരങ്ങളോടും പരിശീലകരോടും ക്ലബ് നന്ദി പറഞ്ഞു. അതേസമയം ലോക്ക് ഡൗണ്‍ തുടരുകയാണെങ്കില്‍ ഫുട്‌ബോൾ ലോകത്ത് സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് സൂചന. ഇതില്‍ നിന്നും കരകയറാന്‍ പല ക്ലബുകളും ഏറെ ബുന്ധിമുട്ടിയേക്കും. ഈ സീസണ്‍ പൂർത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ പോലും 1.2 ബില്യണ്‍ യുഎസ് ഡോളറിന്‍റെ നഷ്‌ടം ഉണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.