ബാഴ്‌സലോണ: സ്‌പാനിഷ് ഫുട്‌ബോളിലെ വമ്പന്‍മാരായ ബാഴ്‌സലോണയിലും കൊവിഡ്. ട്വീറ്റിലൂടെയാണ് ബാഴ്‌സ വൈറസ് ബാധ പുറത്ത് വിട്ടത്. പക്ഷെ ആര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമാക്കാന്‍ ക്ലബ് അധികൃതര്‍ തയാറായിട്ടില്ല. സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പരിശീലന പരിപാടിക്കെത്തിയ ഒമ്പത് പേരില്‍ ഒരാള്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇയാള്‍ പിന്നീട് ക്വാറന്‍റൈയിനില്‍ പ്രവേശിച്ചു.
ബാഴ്‌സലോണയിലും കൊവിഡ്; ചാമ്പ്യന്‍സ് ലീഗിനെ ബാധിക്കില്ല - ബാഴ്‌സലോണ വാര്‍ത്ത
സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പരിശീലന പരിപാടിക്കെത്തിയ ഒമ്പത് പേരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടാനിരിക്കെയാണ് ബാഴ്സയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിനായി ലിസ്‌ബണിലേക്ക് യാത്ര തിരിച്ച ടീമുമായി കൊവിഡ് ബാധിതന് സമ്പര്‍ക്കമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15ന് പുലര്‍ച്ചെ പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്‌ബണില്‍ വെച്ചാണ് മത്സരം. പ്രീക്വാര്‍ട്ടറില്‍ നാപ്പോളിയെ ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെസിയും കൂട്ടരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
നേരത്തെ സ്‌പെയിനില്‍ നിന്നുള്ള മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പേരും ക്വാറന്‍റൈയിനില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇരു പാദ മത്സരങ്ങളുണ്ടാകില്ല. എട്ട് മത്സരങ്ങളാണ് ഫൈനല്‍സിലുണ്ടാവുക. പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.