ഹൈദരാബാദ്: കൊവിഡ്-19 ലോകം മുഴുവന്‍ ഭീതി വിതക്കുമ്പോൾ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇറ്റാലിയന്‍ സീരി എയിലെ വമ്പന്‍മാരായ യുവന്‍റസ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവരുടെ എല്ലാ പരിശീലന പരിപാടികളും ക്ലബ് മാറ്റിവെച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പരിശീലന പരിപാടികൾ ഉണ്ടാകില്ലെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. നേരത്തെ ക്രിസ്റ്റ്യാനോക്കും ആരോണ്‍ റാംസിക്കും വൈറസ് പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. നിലവില്‍ യുവന്‍റസിന്‍റെ സീനിയർ ടീം അഗങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
കൊവിഡ്-19; പ്രതിരോധ നടപടികളുമായി യുവന്‍റസ്
ഇറ്റലിയില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുൻനിര ഫുട്ബോൾ ക്ലബായ യുവന്‍റസ് പ്രതിരോധ നടപടികൾ സ്വീകരിച്ചു
അതേസമയം പ്രതിരോധ നടപടികളുടെ ഭാഗമായി അണ്ടർ 19 ടീമിനെ ക്ലബ് മാർച്ച് എട്ട് വരെ ഏകാന്തവാസത്തിന് വിട്ടു. സീരി സി മത്സരത്തിനിടെ ടീം മാനേജർക്കും മൂന്ന് കളിക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ടീമിന് മുഴുവനായി ഏകാന്തവാസത്തിന് വിട്ടത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കളിക്കാരോട് പ്രതിരോധ നടപടികൾ സ്വീകരിക്കാന്‍ നിർദേശിച്ചിട്ടുണ്ടെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.
നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്‍റർമിലാനും യുവന്‍റസും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. ഇറ്റലിയില്‍ ഇതിനകം 1600 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തുടനീളം 3,000-ത്തില്‍ അധികം പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരുന്നു.